മസ്കറ്റ്

ഇന്ത്യൻ സ്കൂൾ ഇബ്രയിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്‌കൂൾ അധികൃതർക്ക് നിവേദനം നൽകി. നിവേദക സംഘവുമായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,പ്രിൻസിപ്പാൾ എന്നിവർ  നടത്തിയ ചർച്ച ഒന്നര മണിക്കൂറിലധികം നീണ്ടു നിന്നു.

സ്കൂൾ ഓപ്പൺ ഫോറം ഉടൻ വിളിച്ചുചേർക്കുക, അധ്യാപകരുടെ അപര്യാപ്തത  പരിഹരിക്കുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, സ്കൂൾ കളിസ്ഥലം, ടോയ്‌ലറ്റ്  സൗകര്യങ്ങൾ മെച്ചപ്പെടുത്തുക,  ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക,   സ്കൂൾ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ വിഷയങ്ങൾ രക്ഷിതാക്കൾ അധികൃതർക്ക് മുൻപിൽ ഉന്നയിച്ചു.

സ്കൂൾ ഫീസ് വർധനവ്, ലേറ്റ് ഫീ ഫൈൻ  മുതലായവ ഉടൻ പിൻവലിക്കണമെന്നും, മുടങ്ങിക്കിടക്കുന്ന സ്കൂൾ വാർഷികം, സ്പോർട്സ് ഡേ,  സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്  തുടങ്ങിയവ നടത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

കൂടാതെ, ഒഴിവുള്ള നേഴ്സ് , കൗൺസിലർ തുടങ്ങിയ  തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ  നടത്തണമെന്നും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുമായുള്ള ചർച്ചയിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

രക്ഷിതാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച  സ്കൂൾ  മാനേജ്‌മന്റ്, ഏപ്രിൽ 30നു മുൻപായി  ഓപ്പൺ ഫോറം വിളിച്ചുചേർക്കാമെന്ന ഉറപ്പ് ചർച്ചയിൽ രക്ഷിതാക്കൾക്ക് നൽകി.  അതോടൊപ്പം,  നിവേദനത്തിൽ ഉന്നയിച്ച  മറ്റു വിഷയങ്ങളിൽ  അനുഭാവപൂർവമായ  നടപടികൾ  വേഗത്തിൽ  കൈക്കൊള്ളുമെന്നും  രക്ഷിതാക്കൾക്ക് സ്കൂൾ മാനേജ്‌മന്റ്  ഉറപ്പ് നൽകി.

മുടങ്ങിക്കിടന്നിരുന്ന സ്കൂൾ ഫോറം ഓപ്പൺ ഫോറം വിളിച്ചുചേർക്കാമെന്ന്  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നൽകിയ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ രക്ഷിതാക്കൾ ഉന്നയിച്ച മറ്റു ആവശ്യങ്ങൾക്കും വേഗത്തിൽ പരിഹാരം ഉണ്ടാകണമെന്നും രക്ഷിതാക്കളുടെ  കൂട്ടായ്മക്ക് നേതൃത്വം നൽകിയ അജിത്  പുന്നകാടൻ, സിത, അനിഷ്‌മ ദിലീഷ്, രാജീവ്, ദിവ്യ, സോണിയ എന്നിവർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *