മസ്കറ്റ് : പതിനൊന്നാമത് മസ്കറ്റ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഒമാൻ ഫിലിം സൊസൈറ്റിയിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് അധ്യക്ഷതനായിരുന്നു. ലീഡ്‌സ് യൂനിവേഴ്‌സിറ്റി മുൻ പ്രൊഫസറും ഓസ്‌കാർ നോമിനിയുമായ ഡി ഒ പി ഫിലിപ് റോബർറ്റ്‌സൻ, കാൻ ഫിലിം ഫെസ്റ്റിവൽ ഡയറക്‌റ്റേഴ്‌സ് ഫൊറ്റ്‌നൈറ്റിന്റെ എക്‌സിക്യുറ്റിവ് ഡയറക്ടർ ആയിരുന്ന മേരി പെറി മാസിയ എന്നിവർക്കൊപ്പം അറബ് സിനിമാ ലോകത്തെ പ്രശസ്തരായ 40ഓളം അതിഥികൾ മേളയുടെ ഭാഗമാകും. മാൾ ഓഫ് ഒമാനിലും ഗ്രാന്റ് മാളിലും പ്രദർശിപ്പിക്കുന്ന ഫീച്ചർ മത്സര ചിത്രങ്ങളിൽ മൊറോക്കൊ, ഇറാൻ, ഇറാഖ്, ടുനീഷ്യ, ലിബിയ, ബഹ്‌റൈൻ, ഈജിപ്ത്, കുവൈത്ത്, സിറിയ എന്നീ രാജ്യങളുടെ ചിത്രങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്ന് രണ്ട് മലയാള ചിത്രങ്ങളും മത്സരത്തിനുണ്ട്. ഒമാനിലെ സിനിമാ നിർമാണത്തിനും അറബ് സിനിമാ വ്യവസായത്തിനും മുൻ തൂക്കം നൽകുന്ന പരിപാടികളാണ് ഇത്തവണ ചലചിത്രോത്സവം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫീച്ചർ മത്സര വിഭാഗത്തിലെ ഏക ഒമാനി സിനിമയുടെ സംവിധായിക ഒമാനിൽ ജനിച്ചു വളർന്ന മലയാളിയായ നിലാഞ്ജനയാണ്. അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് സതേൻ കാലിഫോർണിയയിൽ സിനിമറ്റിക് ആർട്ട് വിദ്യാർഥിനിയാണ്. 170 സിനിമകളിൽ നിന്നും തെരഞെടുത്ത 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉള്ളത്. ഒമ്പത് ഡോക്യുമെന്ററികളും 47 ചെറു സിനിമകളും മത്സര വിഭാഗത്തിലുണ്ട്. ഒമാനിൽ ചിത്രീകരിച്ച രാസ്തയും മലയാളിയായ സോഹൻ റോയിയുടെ ഡാം 999ഉം മത്സര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിന്നും ഡൊക്യുമെന്ററി വിഭാഗത്തിൽ ദേശീയ പുരസ്‌കാരവും ഗ്രീൻ ഓസ്‌കാറും ലഭിച്ച 18ാത് എലഫന്റും പ്രദർശനത്തിലുണ്ട്. നാല്, അഞ്ച്, ആറ് തീയതികളിൽ വർക്ക്‌ഷോപ്പുകളും ഒമാനിലെ ചലചിത്ര പ്രവർത്തകർക്കായുള്ള അറബ് വുഡ് ആശയത്തിന്റെ സിമ്പോസിയവും അരങ്ങേറും. അന്താരാഷ്ട്ര മേളയിൽ അറബ് വുഡ് സിമ്പോസിയത്തിൽ ദുബൈ വെസ്റ്റ് ഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 10 വിദ്യാർഥികളടങ്ങുന്ന സംഘം പങ്കെടുക്കും. മാർച്ച് ഏഴിന് ഫെസ്റ്റിവൽ അവസാനിക്കും.