മസ്കറ്റ് : അനിശ്ചിതത്വങ്ങൾക്കും പ്രവാസി പ്രതിഷേധങ്ങൾക്കുമോടുവിൽ ഒമാൻ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചു. . ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ നടക്കുമെന്ന് എൻ.ടി.എ സാമൂഹ്യ മാധ്യമമായ ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു.യു.എ.ഇയിൽ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബൈ, അബുദബി, ഷാർജ നഗരങ്ങളിൽ പരീക്ഷക്ക് അപേക്ഷിക്കാം. ഇതിനു പുറമെ, ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാൻ (മസ്കറ്റ്), സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ (മനാമ) എന്നീ ഗൾഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, തായ്ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, നൈജീരിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങളുണ്ട്
ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേന്ദ്രം മാറ്റാൻ അവസരമുണ്ടാവും. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷം, തിരുത്തിനുള്ള അവസരം നൽകുമ്പോൾ ഇവർക്ക് വിദേശത്ത് സെന്ററുകൾ തെരഞ്ഞെടുക്കാവുന്നതാണ്. അതേസമയം, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടു തന്നെ വിദേശ പരീക്ഷാ കേന്ദ്രത്തിന് ഓപ്ഷൻ നൽകാമെന്നും എക്സ് പോസ്റ്റിൽ എൻ ടി എ വ്യക്തമാക്കി