മസ്കറ്റ് :  ഒമാനിൽ നിർത്തലാക്കിയ നീറ്റ് പരീക്ഷാകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾ  ഒമാനിലെ ഇന്ത്യൻ അംബാസ്സഡർ അമിത് നാരംഗിന് നിവേദനം നൽകി.

കൈരളി ഒമാന്റെ  നിരന്തര ഇടപെടലിന്റെ ഭാഗമായി എം പി മാരായ എളമനം കരീം, ജോൺ ബ്രിട്ടാസ് എന്നിവർ പ്രസ്തുത വിഷയം ഇന്ത്യൻ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. അതിനെത്തുടർന്ന്  2022 ൽ ആണ് ഇന്ത്യൻ സ്കൂൾ മസ്കറ്റ് കേന്ദ്രമായി നീറ്റ് പരീക്ഷാകേന്ദ്രം ഒമാനിൽ തുടങ്ങിയത്.     എന്നാൽ ഈ വർഷം വന്ന പട്ടികയിൽ നിന്നും 21 ഇന്ത്യൻ സ്‌കൂളുകൾ പ്രവർത്തിക്കുന്ന ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ഒഴിവാക്കിയതാണ് ഇപ്പോൾ വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന  പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

വിവിധ കാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴലുന്ന  പ്രവാസികളായ രക്ഷിതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്. അതോടാപ്പം വിമാനയാത്രക്കൂലിയും വൻതോതിൽ വർധിച്ചിരിക്കുന്നു. നീറ്റ് പരീക്ഷക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം നിർത്തലാക്കിക്കൊണ്ടു പൊടുന്നനെ എത്തിയ തീരുമാനം വിദ്യാർത്ഥികളിൽ  കടുത്ത ആശങ്കയാണ്  സൃഷ്ടിച്ചിരിക്കുന്നത്.

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി ചർച്ച നടത്തിയ കൈരളി ഒമാൻ നേതൃത്വത്തിലുള്ള രക്ഷിതാക്കളുടെ സംഘം വിദ്യാർത്ഥികളുടെ  ഭാവിയെ സാരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും  പിന്തിരിയണമെന്നും ഒമാനിലെ   നീറ്റ് പരീക്ഷാകേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണമെന്നും  ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക മനസ്സിലാക്കുന്നുവെന്നും, വിഷയം ഉടൻ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നീറ്റ് അധികൃതരെയും അറിയിക്കുമെന്നും അംബാസ്സഡർ ഉറപ്പു നൽകിയതായി രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കൈരളി ഒമാൻ പ്രവർത്തകരായ  സുധി പദ്മനാഭൻ, ഷാജി സെബാസ്റ്റ്യൻ,  മനോജ് പെരിങ്ങേത്ത്, അരുൺ വി എം, മിഥുൻ മോഹൻ തുടങ്ങിയവർ അറിയിച്ചു. മസ്കറ്റിൽ പരീക്ഷാകേന്ദ്രം പുനഃസ്ഥാപിച്ചു കിട്ടൂന്നതിനായി കൂടുതൽ ഇടപെടലുകൾക്ക് കൈരളി ഒമാൻ നേതൃത്വം നൽകുമെന്ന് രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *