മസ്കറ്റ്
കാത്തിരിപ്പിനൊടുവിൽ മസ്കറ്റിലും തണുപ്പെത്തി. നാട്ടിൽ എല്ലാവരും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയിലാണെങ്കിൽ ഒമാനിലെ സഞ്ചാരികൾ തീര പ്രദേശങ്ങളിൽ നിന്നും പർവ്വത മേഖലകളിലേക്കുള്ള യാത്രക്കു ഒരുങ്ങുകയാണ്. തണുപ്പ് കനക്കാൻ തുടങ്ങിയതോടെ ജബൽ ഷംസിലെ മഞ്ഞുപെയ്യും കാലം കിനാവ് കണ്ടിരിക്കുകയാണ് ഒമാനിലെ സഞ്ചാരികൾ. ഒമാനിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബൽ ഷംസിൽ കഴിഞ്ഞ വർഷങ്ങളിൽ മൈനസ് ഡിഗ്രിയും മഞ്ഞു വീഴ്ചയും ഒക്കെ ഉണ്ടായിരുന്നു. ഇത്തവണ തണുപ്പ് കുറവായതിനാൽ ഈ മേഖലയിലേക്ക് കഴിഞ്ഞ വർഷത്തെ അത്ര സഞ്ചാരികൾ ഒഴുകിയിരുന്നില്ല. മൂന്ന് ദിവസങ്ങളായി രാജ്യത്ത് ഏറ്റവും കുറവ് താപനിലയാണ് രേഖപ്പെടുത്തിയത്. പർവത മേഖലകൾ മാത്രമല്ല തീരദേശ ങ്ങളും തണുത്ത് വിറച്ചു. പകൽ സമയത്തു പോലും തണുത്ത കാറ്റു വീശിയത് സുഖകരമായ കാലാവസ്ഥ നൽകി. മുടിക്കെട്ടിയ അന്തരീക്ഷമാണ് സുൽത്താനേറ്റിലെങ്ങും ചിലയിടയിങ്ങളിൽ ചാറ്റൽ മഴയും ചെറിയ മഞ്ഞുവീഴ്ചയും ഉണ്ടായി. വൈകിയെത്തിയ നല്ല കാലാവസ്ഥ ആസ്വദിക്കാൻ കുടുംബങ്ങളും ബാച്ചിലർ സംഘങ്ങളും പുറത്തിറങ്ങി. വാരാന്ത്യങ്ങൾ ടൂറിസ്റ്റു കേന്ദ്രങ്ങളിലും ബീച്ചുകളിലും തിരക്കേറി. ജബൽ ഷംസിലാണ് ഇന്ന് ഏറ്റവും കുറവ് കാലാവസ്ഥ രേഖപ്പെടുത്തിയത്. 0 .9 ഡിഗ്രി. അതോടൊപ്പം ഒമാനിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി മഴ മുന്നറിയിപ്പും ഉണ്ട്. ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ ലഭിക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും വിശദാംശങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.