മസ്കറ്റ് ||

മസ്കറ്റ് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ മാർച്ച് മൂന്ന് മുതൽ ഏഴുവരെ നടക്കും. മസ്കറ്റിൽ നടന്ന വാർത്തസമ്മേളനത്തിൽ ആണ് സംഘാടകർ ഇക്കാര്യം വ്യക്തമാക്കിയത്. ഫിക്ഷൻ സിനിമകൾ, ഡോക്യുമെൻററി ചിത്രങ്ങൾ, ഒമാനി ഷോർട്ട് ഫിക്ഷൻ ചിത്രങ്ങൾ, ഒമാനി ഡോക്യുമെൻററി സിനിമകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിരവധി മത്സരങ്ങളാകും മസ്കറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഉണ്ടാകുക. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഇന്ത്യൻ നടനും നിർമാതാവുമായ ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി ചലച്ചിത്ര സംവിധായകരെയും സിനിമാ താരങ്ങളെയും ആദരിക്കും. ഷാരൂഖ് ഖാൻ കൂടാതെ , ഇറാനിൽനിന്നുള്ള സംവിധായകൻ സത്താറ, ഈജിപ്തിൽനിന്നുള്ള നെല്ലി കരീം, കുവൈത്തിൽനിന്നുള്ള ഹുദ ഹുസൈൻ, ഒമാനിൽനുള്ള അബ്ദുല്ല ഹബീബ്, മുഹമ്മദ് അൽ കിന്ദി, ബുതൈന അൽ റൈസി, തഗ്‌ലബ് അൽ ബർവാനി, ഖലീൽ അൽ സിനാനി, ബഹ്റൈനിൽ നിന്നുള്ള സംവിധായകൻ ഡയറക്ടർ യാക്കൂബ് അൽ മഖ്‌ല, ഫലസ്തീനിൽനിന്നുള്ള ഡയറക്ടർ മുഹമ്മദ് ബക്രി എന്നിവരെയാണ് ആദരിക്കുക. സെമിനാറുകൾ, ശിൽപശാലകൾ, ഫെസ്റ്റിവൽ സൂക്ക് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ ഫെസ്റ്റിവലിനൊപ്പം ഉണ്ടായിരിക്കും. ഒമാനിൽ ഒരു സിനിമ നിർമ്മിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെ നിരവധി അനുബന്ധ പരിപാടികളും സിനിമാ മേഖലയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *