മസ്കറ്റ് ||
ഇന്ത്യ സന്ദർശിക്കാനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനു രാഷ്ട്രപതിഭവനിൽ പ്രൗഢഗംഭീര വരവേൽപ് ആണ് ലഭിച്ചത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ഔദ്യോഗിക ചടങ്ങുകളൊടെ സുൽത്താനെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. പ്രധാന മന്ത്രിയുമായും വിദേശകാര്യ മന്ത്രിയുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തി.
പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ചു ത്രിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു വും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് സ്വീകരണം നൽകി.സുൽത്താൻ സഞ്ചരിച്ച വാഹനം രാഷ്ട്രപതി ഭവന്റെ കവാടത്തിൽ പ്രവേശിച്ചപ്പോൾ അഭിവാദ്യമർപ്പിച്ച് പീരങ്കികൾ ഇരുപത്തിയൊന്ന് റൗണ്ട് വെടിയുതിർത്തു. സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു.ഗാർഡ് ഓഫ് ഓണറും സുൽത്താൻ സ്വീകരിച്ചു. ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി.വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തി ഇരുഭാഗത്തുനിന്നുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറി മുക്തേഷ് പർദേശി, വിദേശകാര്യ വകുപ്പ് (ഗൾഫ് മേഖല) ജോയന്റ് സെക്രട്ടറി അസീം രാജ മഹാജൻ, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഒമാനും ഇന്ത്യയും തമ്മിലുള്ള വിപുലമായ ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വ്യാപിപ്പിക്കുനതിനായുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. ഉന്നതല പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില് ഇന്ത്യയുടെ നേവി ആക്സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില് ധാരണയിലെത്തിയിരുന്നു. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് തിരിക്കും.