മസ്‌കത്ത് : അച്ചടക്ക നടപടികളുമായി ഭാഗമായി കെ പി സി സി കോണ്‍ഗ്രിസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ സിദ്ദീഖ് ഹസനെ തിരിച്ചെടുത്തു. ഇത് സംബന്ധിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്റെ കത്ത് സിദ്ദീഖ് ഹസനും ഒ ഐ സി സി, ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളക്കും ലഭിച്ചു. നേതൃത്വം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മസ്‌കത്തിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്ന് സിദ്ദീഖ് ഹസന് കെ പി സി സി നിര്‍ദേശം നല്‍കി.
സിദ്ദീഖ് ഹസന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ആറ് പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റിന് എ ഗ്രൂപ്പ് നേതാക്കള്‍ കത്ത് നല്‍കിയിരുന്നു. കെ സി ജോസഫ്, ബെന്നി ബഹനാന്‍ എം പി എന്നിവരാണ് കെ സുധാരകരന് കത്ത് നല്‍കിയത്. നേരത്തെ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലും നേതൃ യോഗത്തിലും സിദ്ദീഖ് ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കല്‍ നടപടി.
പ്രവാസ ലോകത്ത് സംഘടനാപരമായി നിലനിന്നിരുന്ന വിവിധ തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സി്ദ്ദീഖ് ഹസനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നുള്‍പ്പെടെ പുറത്താക്കിയത്. ഇതിന് പിന്നാലെ ഒമാനില്‍ ഒ ഐ സി സി പുനഃസംഘടിപ്പിക്കുകയും ഗ്ലോബല്‍ തലത്തില്‍ തന്നെയും ഒ ഐ സി സി/ഇന്‍കാസ് നേതൃനിരയില്‍ മാറ്റങ്ങള്‍ വരികയും ചെയ്തിരുന്നു.
അച്ചടക്ക നടപടി പിന്‍വലിക്കുകയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവിന് ഇടപെട്ട കേരളത്തിലെ സമുന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നു. നടപടി നേരിട്ട കാലയളവിലും പാര്‍ട്ടിക്കെതിരെയോ കെ പി സി സി പ്രസിഡന്റിനെതിരിയെ പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുവരിക.യുമായിരുന്നു. ഇതിനിടെ നടന്ന ഭാരത് ജോഡോ യാത്രയിലും സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിലും ഉള്‍പ്പെടെ പാര്‍ട്ടിയോട് സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ കെ പി സി സി പ്രസിഡന്റുമായി ചര്‍ച്ച നടത്താനും തന്റെ നിലപാടുകള്‍ വ്യക്തമാക്കാനും സാധിച്ചിരുന്നുവെന്നും സിദ്ദീഖ് ഹസന്‍ പറഞ്ഞു.