മസ്കത്ത്: ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്ററും ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വിദേശ നിക്ഷേപക കമ്മിറ്റിയുമായി ചേർന്ന് ഒമാനി മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. റൂവിയിലെ ചേംബർ ആസ്ഥാനത്തെ മസ്കത്ത് ഹാളിൽ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. സർക്കാർ പ്രതിനിധികൾ, ബിസിനസുകാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
പരിപാടിയുടെ സമാപന ഭാഗമായി രണ്ട് നിക്ഷേപ ധാരണാപത്രങ്ങളും ഒപ്പുെവച്ചു. ഒമാനിൽ ബോട്ട് നിർമാണ യാർഡ് സ്ഥാപിക്കുന്നതിനായി ഒമാൻ ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറ് ഗ്രൂപ്പും കേരളത്തിലെ അരൂരിലുള്ള സമുദ്ര ഷിപ്പ്യാർഡ് ലിമിറ്റഡും തമ്മിൽ ധാരണയിലെത്തിയതാണ് ഒന്നാമത്തേത്. ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്യാർഡിനായി ചെലവിടുക. മസ്കത്ത് കേന്ദ്രമായുള്ള സംരംഭകെൻറ കേരളത്തിലുള്ള ബെൽഫാംസ് റിസോർട്ടിലേക്ക് ഹൗസ്ബോട്ട് വാങ്ങുന്നതിനുള്ള ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡിലെ ഏക വിദേശിയും മലയാളിയുമായ അബ്ദുൽ ലത്തീഫ് ചെയർമാനായി അടുത്തിടെ നിലവിൽ വന്ന വിദേശ നിക്ഷേപക കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച പ്രഥമ നിക്ഷേപക സെമിനാറാണിത്.
ഒമാനിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മത്സ്യവ്യവസായ മേഖലയുടെ പങ്കാളിത്തം 2.5 ശതമാനം മാത്രമാണെന്ന് ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപക ഡയറക്ടർമാരിലൊരാളായ ഡേവിസ് കല്ലൂക്കാരൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഇത് ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുേമ്പാൾ വളരെ കുറവാണ്. ഈ മേഖലയുടെ മൂല്ല്യം പത്ത് ശതമാനത്തിലെത്തിക്കുകയാണ് വിഷൻ 2040 ലക്ഷ്യമിടുന്നത്. സർക്കാരിനൊപ്പം സ്വകാര്യ മേഖലയും കൂടി പരിശ്രമിച്ചാൽ ഈ ലക്ഷ്യം നേരത്തേ കൈവരിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസ് ഒമാനി സമ്പദ്ഘടനയിൽ മത്സ്യവ്യവസായ മേഖലക്കുള്ള പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. വിശിഷ്ടാതിഥിയായിരുന്ന ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഈ രംഗത്തെ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ കുറിച്ച് സംസാരിച്ചു. ഒമാനിലെ മുൻ കാർഷിക-ഫിഷറീസ് മന്ത്രി ഫുആദ് ജാഫറും സംബന്ധിച്ചു. മത്സ്യവ്യവസായ മേഖലയിൽ വിദേശ നിക്ഷേപത്തിന് പ്രാധാന്യമേറെയാണെന്ന് തുടർന്ന് സംസാരിച്ച വിദേശ നിക്ഷേപക കമ്മിറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹിയുദ്ദീൻ മുഹമ്മദ് അലി, മുഹമ്മദ് അമീൻ , സമുദ്ര ഷിപ്പിയാർഡ് മാനേജിങ് ഡയറക്ടർ ജീവൻ സുധാകരൻ എന്നിവരും സംസാരിച്ചു. ശേഷം മത്സ്യമേഖലയിലെ നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച് ഇൻവെസ്റ്റ് ഒമാൻ അവതരിപ്പിച്ച പ്രസേൻറഷനും ശ്രദ്ധേയമായി. കേരള സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ് മത്സ്യവ്യവസായ മേഖലയുടെ ഇന്ത്യൻ സാധ്യതകൾ വിശദീകരിച്ചു. വിനോദ സഞ്ചാരിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള മസ്കത്ത് വാട്ടർ മെട്രോ എന്ന വിഷയത്തിൽ സമുദ്ര ഷിപ്പ്യാർഡ് മാനേജിങ് ഡയറക്ടർ ജീവൻ നിർദേശം സമർപ്പിച്ചു.
ഒമാനിലെ ദേശീയ സമ്പദ് ഘടനക്ക് മത്സ്യമേഖലയുടെ വിഹിതം വർധിപ്പിക്കാനാകുമെന്ന് സെമിനാർ വിലയിരുത്തി. നിലവിൽ ഈ മേഖലയുടെ മൂല്ല്യം 15 ശതമാനത്തിൽ താഴെയാണ് ഇത് 70 മുതൽ 80 ശതമാനം വരെയായി വർധിപ്പിക്കാനാകും. സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും ജനങ്ങളുടെ തൊഴിൽപരമായ മികവ് വളർത്തിയും മറ്റ് രാജ്യങ്ങളിലെ സമാന മേഖലകളിലുള്ളവരുമായുള്ള സഹകരണത്തിലൂടെയും മാത്രമാണ് ഇത് സാധ്യമാവുകയുള്ളൂ. വലിയ തൊഴിലവസരങ്ങളാണ് മത്സ്യ വ്യവസായ മേഖലയിലുള്ളതെന്നും സെമിനാർ വിലയിരുത്തി.
സമാപന ഭാഗമായുള്ള പാനൽ ഡിസ്കഷനിൽ ഡോ. വി.എം.എ ഹക്കീം മോഡേററ്ററായിരുന്നു. മുഹമ്മദ് അമീൻ, വാരിയത്ത് അൽ ഖാറൂസി, ഡോ.ഷെറിമോൻ, മുഹമ്മദ് അൽ ലവാത്തി, കാർഷിക ഫിഷറീസ് മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധ പ്രതിനിധി എൻജിനീയർ. റെദ ബൈത്ത് ഫറജ് എന്നിവർ പാനലിസ്റ്റുകളായിരുന്നു.
ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്റർ സി.കെ. ഖന്ന, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് വിദേശ നിക്ഷേപക കമ്മിറ്റി കോഓഡിനേറ്റർ ഷുറൂഖ് അൽ ഫാർസി എന്നിവർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *