മസ്‌കറ്റ്||
മസ്‌കറ്റ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഏര്‍പ്പെടുത്തിയ ഏഴാമത് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സ്മാരക അവാര്‍ഡിന് സുപ്രഭാതം മാനേജിങ് ഡയരക്ടറും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവും എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അര്‍ഹനായി. അവാര്‍ഡ് അര്‍ഹതക്ക് റൈഞ്ചിന്റെ മാനദണ്ഡങ്ങളോടൊപ്പം സംഘടനാ രംഗത്തെ നിസ്തുലവും പ്രശംസാ വഹവുമായ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 15 / 12 / 61 ലാണ് ജനനം. പുല്ലങ്കോട് ഗവ: ഹൈസ്കൂളിൽ നിന്ന് 1976 ൽ എസ് എസ് എൽ സി പാസായ ശേഷം ദർസ് പഠനം കഴിഞ്ഞു 1985ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് മൂന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് അഫ്‌സലുല്‍ ഉലമ ബിരുദവും ഫറൂഖ് റൗളത്തുൽ ഉലൂം അറബിക് കോളജിൽ നിന്നു സെക്കന്റ് റാങ്കോടെ പോസ്റ്റ് അഫസലുൽ ഉലമയും പാസായി.. ശേഷം അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഉയർന്ന മാർക്കോടെ പി.ജി യും കരസ്ഥമാക്കി. പാതിരമണ്ണ മഹല്ല് പള്ളി, കോഴിക്കോട് പുതിയങ്ങാടി മഹല്ല് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായും പ്രിന്‍സിപ്പലായും 18 വര്‍ഷം ജോലിചെയ്തു. 20 വര്‍ഷത്തോളം അമ്പലക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ജനറൽ സെക്രട്ടറി, സത്യധാര ചീഫ് എഡിറ്റർ കരവാരകുണ്ട് ദാറുന്നജാത് ഇസ്ലാമിക് സെൻറർ ട്രഷറർ , തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയും ആയിരുന്നു. കേരളീയ മതപരിസരത്ത് നവീനവാദികള്‍ക്കെതിരേ അഹ്ലുസ്സുന്നത്തില്‍ വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍നിന്നും മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്കെതിരേ സംവാദവേദികളില്‍ നിറഞ്ഞുനിന്നും സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. മുൻ കേന്ദ്ര മുശാവറ അംഗം മർഹൂം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ല്യാർ ആണ് പിതാവ്. സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോഡ് ജനറൽ സെക്രട്ടറിയുമായിരുന്ന മർഹൂം കെ.ടി മാനു മുസ്ല്യാരുടെ മകൾ സഹ്‌ല യാണ് സഹധർമ്മിണി.
മുൻ വർഷങ്ങളിൽ യഥാക്രമം എ പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ, പി കെ പി അബ്ദുസ്സലാം മസ്ലിയാർ, പുറങ്ങ് അബ്ദുല്ലുസ് ലിയാർ, സി കെ എം സ്വാദിഖ് മുസ്ലിയാർ, ചേലക്കാട് ഉസ്താദ്, ഹംസ മുസ്ലിയാർ വയനാട്, എന്നീ പണ്ഡിതൻമാർക്ക് വിവിധ സമ്മേളനങ്ങളിൽ വെച്ച് പ്രമുഖ വെക്തിത്വങ്ങൾ അവാർഡുകളും പ്രശസ്തി പത്രങ്ങളും വിതരണം ചെയ്തിരുന്നു. റുവി സുന്നി സെന്റര്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ലത്തീഫ് ഫൈസി സലാല അധ്യക്ഷനായി. ശാകിര്‍ ഫൈസി റുവി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ തങ്ങള്‍ സോഹാര്‍ പ്രാര്‍ഥന നടത്തി. കെ.എന്‍.എസ് മൗലവി, ശിഹാബ് ഫൈസി, മോയിന്‍ ഫൈസി വയനാട് സംസാരിച്ചു. ഇമ്പിച്ചി അലി മുസ്ലിയാര്‍ അമ്പലക്കണ്ടി സ്വാഗതവും മുജീബ് ഫൈസി സോഹാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *