മസ്കറ്റ് : ഗൾഫിലെങ്ങും ഏകീകൃത ടൂറിസ്റ്റ് വിസ വരുന്നു. ഒരു വിസ കൊണ്ട് ഗൾഫിൽ എല്ലായിടത്തും സഞ്ചാരിക്കാനുള്ള അവസരം ലഭിക്കുന്നതിന്റെ ആഹ്ലാദത്തിൽ പ്രവാസികൾ. വിസ രഹിത യാത്ര ഗൾഫ് മേഖലയിൽ വിനോദസഞ്ചാരം വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഒരൊറ്റ വിസ സംവിധാനം ഉടൻ എത്തുമെന്ന് സൂചന. പുതിയ വിസ സംവിധാനം ജി സി സിയിലെ താമസക്കാർക്ക് എല്ലാ ഗൾഫ് രാജ്യങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നതാകുമെന്ന് യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ സംവിധാനം യാഥാർഥ്യമാകുന്നതോടെ ആറ് ജിസിസി അംഗ രാഷ്ട്രങ്ങളിലെയും പ്രവാസി താമസക്കാർക്ക് വിസക്ക് അപേക്ഷിക്കാതെ അതിർത്തികളിലൂടെ സഞ്ചരിക്കാൻ സാധിക്കും. നിലവിൽ, ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ആവശ്യമില്ലാതെ അതിർത്തികളിലൂടെ യാത്ര ചെയ്യാനാവും. എന്നാൽ, ഈ രാജ്യങ്ങളിലെ ജനസംഖ്യയുടെ ഗണ്യമായ ഭാഗവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായ വിദേശികളാണ്. ഇവർക്ക് അതിർത്തി കടക്കുമ്പോൾ വിസ ആവശ്യമാണ്. വിസ രഹിത യാത്ര, വിനോദസഞ്ചാരം വർധിപ്പിക്കുന്നതിലൂടെ പ്രദേശത്തെ ആകർഷകമാക്കുമെന്ന് അൽ മർറി കൂട്ടിച്ചേർത്തു. ഷെങ്കൻ മാതൃകയിലുള്ള ഗൾഫ് ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഈ വർഷമാദ്യം ബഹ്‌റൈനിലെ ടൂറിസം മന്ത്രി ആശയം മുന്നോട്ട് വെച്ചിരുന്നു. ഏകീകൃത വിസ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിതല ചർച്ചകൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെയാണ് ബഹ്‌റൈനി മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞത്. ഒരു ഏകീകൃത പാക്കേജിന് കീഴിൽ നിയന്ത്രണങ്ങളില്ലാതെ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാൻ ഈ സംവിധാനം ടൂറിസ്റ്റുകളെ സഹായിക്കുമെന്ന് ഇതേ പാനലിനെ അഭിസംബോധന ചെയ്തുകൊണ്ട് യു എ ഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു. ഒമാൻ, സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്വർ എന്നീ രാജ്യങ്ങളാണ് ജി സി സി ഗ്രൂപ്പിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *