ഒമാനിലെ ഏറ്റവും വലിയ ആരോഗ്യ പ്രദര്ശനമായ ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായി ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടി ഇരുപതിനാണ് അവസാനിക്കുക. പ്രദർശനം സയ്യിദ് ഖാലിദ് ബിൻ ഹാമദ് അൽ ബുസൈദി ഉൽഘാടനം ചെയ്തു. ഒമാനിലെ ആരോഗ്യ മേഖലയുടെ തുടർച്ചയായ വികസനം, ആരോഹ്യ മേഖലയിൽ നിന്നുമുള്ള വ്യവസായത്തിന്റെ വിപണി സാധ്യതകൾ, ഉയർന്നുവരുന്ന അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര വാർഷിക പരിപാടിയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ & കോൺഫറൻസ്. മെഡിക്കൽ പ്രൊഫഷണലുകൾ, വ്യാപാരികൾ, നിർമ്മാതാക്കൾ, വിതരണക്കാർ, സേവന ദാതാക്കൾ, ആരോഗ്യ, മെഡിക്കൽ വ്യവസായ മേഖലയിലെ പങ്കാളികൾ എന്നിവർക്ക് പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകൾ, സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വേദി നൽകുന്നതിനാണ് എല്ലാവർഷവും ആരോഗ്യ പ്രദർശനം സംഘടിപ്പിക്കുന്നത്.

 ഒമാൻ സർക്കാരിന്റെ ആരോഗ്യ വിഷൻ 2050 മായി ആരോഗ്യ പ്രദർശനം സംയോജിപ്പിച്ചിട്ടുണ്ട്. വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ ചർച്ച ചെയ്യുന്നതിനും ലക്ഷ്യമിടുന്ന ആരോഗ്യ പ്രദർശനം രണ്ടായിരത്തി ഒൻപത്തിലാണ് ആരംഭിച്ചത്.  2013-ൽ ഈ പരിപാടിയെ  UFI  അംഗീകൃത ഇന്റർനാഷണൽ ഇവന്റ് ആയി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സുൽത്താനേറ്റിലെ ആരോഗ്യ സംരക്ഷണത്തിനും മെഡിക്കൽ ടൂറിസത്തിനുമുള്ള ഏറ്റവും സമഗ്രമായ അന്താരാഷ്ട്ര ഇവന്റാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്.

കേരളത്തിൽ നിന്നും പ്രമുഖരായ ഇരുപതിലധികം ആരോഗ്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.  ഒമാനിൽ നിന്നും ആയുർവേദ സ്ഥാപനങ്ങൾ,  ട്രാവൽ സ്ഥാപനങ്ങൾ തുടങ്ങിയവയും  പ്രദർശന മേളയുടെ  ഭാഗമായി.   ആദ്യദിനത്തിൽ തന്നെ സ്വദേശികളടക്കം നൂറുകണക്കിന് ആളുകൾ മേള സന്ദർശിച്ചു. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റി അമ്പതു പ്രദര്ശകർ ആരോഗ്യ മേളയുടെ ഭാഗമാകാനെത്തി. . ഒമാനിലെ ഏറ്റവും വലിയ ആരോഗ്യ മേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്.  രാവിലെ ഒൻപത് മുതൽ വൈകിട്ട് എട്ടുവരെയാണ് ആരോഗ്യ പ്രദർശനം  നടക്കുക.  സ്പോട്ട് രെജിസ്ട്രേഷൻ സൗകര്യം വഴി രെജിസ്റ്റർ ചെയ്യാം.  പ്രവേശനം  സൗജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *