മസ്കറ്റ് : പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷനെ സമീപിക്കാമെന്ന് കേരളാ പ്രവാസി കമ്മീഷൻ അംഗം ജാബിർ മാളിയേക്കൽ. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പ്രവാസി കമ്മീഷന് മുമ്പിൽ ലഭിക്കാറുണ്ട്. ലഭിച്ച പരാതികളിൽ റീക്രൂട്ട്മെന്റ് എജെൻസിക്കെതിരെ നടപടികൾ എടുത്തിട്ടുണ്ട്. ഇതുള്‍പ്പെടെ നൂറ് കണക്കിന് പരാതികള്‍ കേരളത്തില്‍ നടന്നുവരുന്ന പ്രവാസി കമ്മീഷന്‍ അദാലത്തുകളില്‍ ലഭിക്കുന്നതായും, അദാലത്തുകള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണം ആവശ്യമാണെന്നും പിഎം ജാബിര്‍ ഇൻസൈഡ് ഒമാനോട് പറഞ്ഞു. പ്രവാസികളുടെ സ്വത്തുകള്‍ ബന്ധുക്കള്‍ തട്ടിയെടുക്കുന്ന പ്രവണത വര്ധിക്കുന്നുണ്ട്. ഇത്തരം കേസുകളും പ്രവാസി കമ്മീഷൻ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികള്‍ക്കും മുൻ പ്രവാസികൾക്കും ഏറെ ഗുണകരമായി മാറികൊണ്ടിരിക്കുന്ന അദാലത്തുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കും. പ്രവാസി കമ്മീഷന് വിദേശത്തു നേരിട്ട് ഇടപെടാൻ കഴിയില്ല. വിദേശത്തുള്ള മലയാളികള്‍ നടത്തുന്ന ബിസിനസിലും മറ്റും തര്‍ക്കമുണ്ടായാല്‍ ഇടപ്പെടാന്‍ കമ്മീഷന് കഴിയും. അതേസമയം, ബിസിസനസ് സ്ഥാപനങ്ങള്‍വിദേശികളുടെ ഉടമസ്ഥിയിലുള്ളതണെങ്കില്‍ ഇടപ്പെടുന്നതിന് പരിമിതിയുണ്ട്. അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിക്ക് ഇക്കാര്യത്തില്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ അദാലത്തു വയ്ക്കുന്ന കാര്യത്തിൽ കഴിഞ കമ്മീഷന്റെ സമയത് വലിയ രീതിയിൽ പുരോഗതി ഉണ്ടായെങ്കിലും മറ്റു പല കാര്യങ്ങൾ കൊണ്ട് നടന്നില്ല. ഒമാനുൾപ്പെടെ വിവിധ രാജ്യങ്ങളിലും എംബസ്സിയുടെ സഹകരണത്തോടെ അദാലത്തുകൾ നടത്താൻ പ്രവാസി കമ്മീഷൻ തയ്യാറാണെന്ന് ഒമാനിൽ അദാലത്തു നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇതിനകം തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കമ്മീഷന്‍ അദാലത്ത് നടത്തി കഴിഞ്ഞു. കോഴിക്കോട് അദാലത്ത് 12ന് ഗവ. ഗസ്റ്റ് ഹൗസിലും വയനാട് അദാലത്ത് 14 ന് കല്‍പറ്റയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. നൂറ് കണക്കിന് പരാതികളാണ് ഓരോ അദാലത്തുകളിലും ലഭിക്കുന്നത്. പരാതികളില്‍ ഇടപെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയോ പരാതിക്കാരന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുകയോ ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു


റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പ്, സ്ത്രീകളെ വിദേശത്ത് കൊണ്ടുപോയി കബളിപ്പിക്കല്‍, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍, ബിസിനസ് പങ്കാളികള്‍ വഞ്ചിച്ചത്, കുടുംബ പ്രശ്‌നങ്ങള്‍, ഭാര്യയും അവരുടെ ബന്ധുക്കളും സ്വത്തു തട്ടിയെടുത്തത്, ബാങ്ക് വായ്പ സംബന്ധിച്ച വിഷയങ്ങള്‍, മരണാനന്തര ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത്, വിദേശത്തെ ജയിലിലാക്കപ്പെട്ടവരുടെ കാര്യങ്ങള്‍, കോടതി വിധിയിലൂടെ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങളും അപകട ആനുകൂല്യവും വേതനം സംബന്ധിച്ച അനുകൂലങ്ങളും എംബസിയുമായി ബന്ധപ്പെട്ട മലയാളി വക്കീലന്മാര്‍ തട്ടിയെടുക്കുന്നതും കൈമാറാന്‍ കാലതാമസം വരുത്തുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, നോര്‍ക്കയെയും പ്രവാസി ക്ഷേമനിധിയെയും സംബന്ധിച്ച കാര്യങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ലഭിക്കേണ്ടുന്ന സേവനങ്ങള്‍ വൈകുന്നത് സംബന്ധിച്ച കാര്യങ്ങള്‍ എന്നിങ്ങിനെ പ്രവാസി/മുന്‍ പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പെറ്റീഷന്‍ നല്‍കാവുന്നതാണ്.

പുതുതായി പരാതി നല്‍കുന്നവര്‍ എഴുതി തയ്യാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുന്‍ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകള്‍ക്കു പുറമേ എതിര്‍കക്ഷിയുടെ കൃത്യമായ മേല്‍വിലാസവും (ടെലഫോണ്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാവില്ല) നല്‍കണം. നേരത്തേ അപേക്ഷ നല്‍കിയതിന്‍ന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സെക്രട്ടറിയില്‍നിന്നും അറിയിപ്പു ലഭിച്ചവര്‍ പ്രസ്തുത എഴുത്തും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളമായി എത്തണം. മുന്‍കൂട്ടി പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മേല്‍ പറഞ്ഞ രീതിയില്‍ അത് തയ്യാറാക്കി ഈ മെയില്‍ ആയോ ചെയര്‍മാന്‍, പ്രവാസി കമ്മീഷന്‍, ആറാം നില, നോര്‍ക്കാ സെന്റര്‍, തിരുവനന്തപുരം 695014 Email: secycomsn.nri@kerala.gov.in എന്ന വിലാസത്തിൽ വിലാസത്തിലോ അയക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് +91 94968 45603, +968 9933 5751 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജാബിര്‍ പറഞ്ഞു.

ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ ഭീമമായ തുക ബാക്കിയിരിപ്പുണ്ടെന്നും സാമൂഹിക സംഘടനകൾ വേണ്ട രീതിയിൽ ഇടപെടാത്തത് മൂലം ഫണ്ടുകൾ ശെരിയായി വിനിയോഗിക്കാൻ എംബസ്സിക്ക് സാധിക്കുന്നില്ലെന്നും ജാബിർ മാളിയേക്കൽ പറഞ്ഞു. രോഗികളായ പ്രവാസികളെ നാട്ടിൽ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകാനും മൃതദേഹം എയർ ലിഫ്റ്റ് ചെയ്യാനും കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കാം. ഇത്തരം ചിലവുകൾ നിലവിൽ തൊഴിലുടമ ആണ് വഹിക്കേണ്ടത്. തൊഴിലുടമ ചിലവുകൾ വഹിക്കാൻ തയ്യാറല്ലാത്ത പക്ഷം എംബസിയെ സമീപിക്കാം. എന്നാൽ ഐ സി ഡബ്ലിയൂ എഫ് ഈ ഫണ്ട് നേരിട്ട് വഹിക്കില്ല. ആരാണോ ചിലവ് വഹിക്കാൻ തയ്യാറാകുന്നത് അവർക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ഈ തുക റീ ഇൻബേർസ് ചെയ്യാൻ സാധിക്കും. സാമൂഹിക സങ്കടനകളുടെ ഇടപെടൽ ഫലപ്രദം ആകാതെ വരുന്നത് കൊണ്ട് ഇത്തരം ഫണ്ടുകൾ പലപ്പോഴും അർഹത പെട്ടവർക്ക് ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *