പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിൽ ഒമാനിലെ വിവിധ പ്രവാസി സംഘടനകൾ ആഹ്ലാദ പ്രകടനം നടത്തി. ഒഐസിസി ഒമാൻ, മസ്കറ്റ് കെഎംസിസി, സലാല കെഎംസിസി, സേവ് ഒഐസിസി ഒമാൻ തുടങ്ങി വിവിധ യുഡിഫ് അനുകൂല സംഘടനകൾ വിജയാഹ്ലാദം നടത്തി മധുരം വിതരണം ചെയ്തു . അവധി ദിനം ആയതിനാൽ ഫല പ്രഖ്യാപനം ലൈവ് ആയി കാണാൻ റൂവി കെഎംസിസി ഓഫീസിൽ നിരവധി പ്രവർത്തകർ തടിച്ചു കൂടി. യുഡിഫ് അനുകൂല പ്രവാസി സംഘടനകൾ ഒത്തു ചേർന്ന് റൂവിയിൽ പായസം വിതരണം ചെയ്ത് പുതുപ്പള്ളിയിലെ യുഡിഫ് വിജയം ആഘോഷിച്ചു. ഉമ്മൻ ചാണ്ടിയെ അവഹേളിക്കുകയും ആ മണ്ഡലത്തെ അവഗണിക്കുകയും ചെയ്ത ഇടതുപക്ഷത്തിനുള്ള കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ്റും കോട്ടയം ജില്ലാ കെഎംസിസി രക്ഷധികാരിയുമായ ഷമീർ പാറയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി എന്ന ജന നായകന് കേരളത്തോടുള്ള കരുതലിനു ജനങ്ങൾ നൽകിയ ഗാർഡ് ഓഫ് ഹോണർ ആണ് ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം എന്ന് സേവ് ഒഐസിസി ഒമാൻ പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു.