വിവിധ സര്വീസുകളുടെ സമയം പുനഃക്രമീകരിച്ചു
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ തുക തിരികെ നല്കും
അവധിക്കാലം കഴിഞ്ഞതോടെ സര്വീസുകളുടെ എണ്ണം വെട്ടിക്കുറച്ച് എയര് ഇന്ത്യ എക്‌സ്പ്രസ്. വിവിധ സര്വീസുകളുടെ സമയം പുനഃക്രമീകരിച്ചതായും കമ്പനി അറിയിച്ചു. സെപ്തംബര് 12 മുതല് ഒക്ടോബര് 28 വരെയുള്ള സര്വീസുകളില് ചിലതാണ് റദ്ദാക്കിയതും പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നതും.
കോഴിക്കോട്, കൊച്ചി, കണ്ണൂര്, ബെംഗളൂരു, മംഗളൂരു സര്വീസുകളില് ചിലതാണ് റദ്ദാക്കിയത്. തിരുവനന്തപുരം സര്വീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ചില സെക്ടറുകളില് ഒന്ന് മുതല് നാല് സര്വീസുകള് വരെ ഓരോ ആഴ്ചയിലും റദ്ദാക്കിയതായും എയര് ഇന്ത്യ എക്‌സ്പ്രസ് ട്രാവല് ഏജന്സികള്ക്ക് നല്കിയ സര്ക്കുലറില് വ്യക്തമാക്കുന്നു.
അതേസമയം, അടുത്ത ദിവസങ്ങളില് മസ്‌കത്തില് നിന്ന് കേരള സെക്ടറുകള് ഉള്പ്പെടെ അഞ്ച് നഗരങ്ങളിലേക്ക് സര്വീസുകള് റദ്ദാക്കിയ സാഹചര്യത്തില്, ഈ ദിവസങ്ങളില് നേരത്തെ ബുക്ക് ചെയ്ത യാത്രകാര്ക്ക് ടിക്കറ്റ് തുക തിരിച്ച് നല്കുന്നതാണെന്നും അല്ലെങ്കില് മറ്റു ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയര് ഇന്ത്യ എക്‌സ്പ്രസ് അധികൃതര് വ്യക്തമാക്കി.
മസ്‌കത്തില് നിന്ന് കണ്ണൂരിലേക്കും ഹൈദരബാദിലേക്കുമുള്ള എയര് ഇന്ത്യയുടെ സര്വീസുകളും ഇന്ന് മുതല് നിര്ത്തുകയാണ്. 12 മുതല് മുംബൈയിലേക്കുള്ള സര്വീസുകള് റീ ഷെഡ്യൂള് ചെയ്യുകയും ചെയ്തിട്ടുണ്ട്. എയര് ഇന്ത്യയുടെ കേരളത്തിലേക്കുണ്ടായിരുന്ന എക സര്വീസ് ആയിരുന്നു മസ്‌കത്ത്-കണ്ണൂര് റൂട്ടിലേത്. നാളെ മുതല് കേരള സെക്ടറുകളിലേക്ക് എയര് ഇന്ത്യ സര്വീസുകള് ഒന്നും ഉണ്ടാകില്ല. തിരുവനന്തപുരം സര്വീസും നേരത്തെ നിര്ത്തിവെച്ചിരുന്നു.