"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
തർമത് കെഎംസിസി യുടെ ആഭിമുഖ്യത്തിൽ സെപ്തംബർ പതിനാറ് വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ “ദിൽഹേ തർമത് 2022” എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടി മുലദ ഇന്ത്യൻ സ്കൂളിന് സമീപമുള്ള അൽമആലി ഹാളിൽ വെച്ച് നടത്തപെടുന്നു. പ്രസ്തുത പരിപാടിയിൽ പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ :ഫൈസൽ ബാബു, അഡ്വ :ഫാത്തിമ തഹലിയ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുത്തു കൊണ്ട് സംസാരിക്കും.
തുടർന്ന് നടക്കുന്ന സാംസ്ക്കാരിക പരിപാടിയിൽ മാപ്പിളപാട്ട് രംഗത്തെ പ്രശസ്തരായ ആബിദ് കണ്ണൂർ, ഫാസില ബാനു തുടങ്ങിയവരും അരങ്ങ് തകർക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു
അൽഖൂദ് കെഎംസിസി സംഘടിപ്പിക്കുന്ന ഉദയം 2022 പരിപാടിയിൽ മുഖ്യ പ്രഭാഷകൻ ആയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രൗഢോജ്വല വാഗ്മിയുമായ കെഎം ഷാജി മസ്കറ്റിലെത്തിയത്. ഇന്ന് രാവിലെ ജിദ്ദയിൽ നിന്നും മസ്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ കെഎം ഷാജിയെ അൽഖൂദ് കെഎംസിസി നേതാക്കൾ സ്വീകരിച്ചു.
സെപ്റ്റംബർ 15 വ്യാഴാഴ്ച രാത്രി 9 മണിക്ക് അൽഖൂദ് ബദർ അൽസമ ഹോസ്പിറ്റലിന് പുറകിലുള്ള അൽഅസാല ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രൗഢോജ്വല വാഗ്മിയുമായ കെഎം ഷാജി സാഹിബിന്റെ പ്രസംഗം കേൾക്കാൻ മസ്കറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് കൊണ്ട് തന്നെ വിപുലമായ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.
കോവിഡ് ഭീതിയൊഴിഞ് നിയന്ത്രണങ്ങൾ എല്ലാം മാറി തുടങ്ങിയതോടെയാണ് വിവിധ പൊതു പരിപാടികൾക്ക് ഒമാനിൽ അരങ്ങൊരുങ്ങിയത്. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രമുഖ നേതാക്കൾ തൊട്ടടുത്ത വ്യാഴം വെള്ളി ദിവസങ്ങളിൽ പൊതു പരിപാടികളിൽ പങ്കെടുക്കുക വഴി അക്ഷരാർത്ഥത്തിൽ പൊടിപാറുന്ന വാരാന്ത്യം ആണ് ഒമാനിലെ കെഎംസിസി പ്രവർത്തകർക്ക്. പ്രവർത്തകർക്ക് കുടുംബത്തോടെ പങ്കെടുക്കാം എന്നതാണ് ഇരു പരിപാടികളുടെയും പ്രത്യേകത. ഇതിന്റെ ആവേശം വിവിധ കെഎംസിസി ക്യാംപുകളിൽ നിന്നുയരുന്നുണ്ട്.
വരും ദിനങ്ങളിലും മുനവ്വറലി ശിഹാബ് തങ്ങളും പി കെ ഫിറോസും അടക്കം കൂടുതൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കൾ വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കാൻ ഒമാനിൽ എത്തുന്നുണ്ട്. ഇതും പ്രവർത്തകരിൽ ആവേശം നിറക്കുന്നുണ്ട്.