"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദി സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ (സ്റ്റൈ) മെഗാ ഇവന്റ് ഈമാസം 27 മുതൽ ദാർസൈത് ഇന്ത്യൻ സ്കൂളിൽ നടക്കും. കണക്ക്, ശാസ്ത്രം, വിവര സാങ്കേതികത എന്നീ മേഖലകളിൽ വിദ്യാർഥികളുടെ നൂതന ആശയങ്ങൾ പങ്കുവെക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദിയാണ് ‘സ്റ്റൈ’. ഇതുവരെ 18 സ്കൂളുകളിലെ 400 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊബൈൽ ആപ്പ് ഡവലപ്മെന്റ്, ഡിജിറ്റൽ സിമ്പോസിയം, ഗണിത-ശാസ്ത്ര പ്രദർശനം, സയൻസ് സ്കിറ്റ്, ഇ-മാഗസിൻ തുടങ്ങിയ വിഭാഗങ്ങളിൽ ഇവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും.
ജൂനിയർ വിഭാഗത്തിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളും സീനിയർ വിഭാഗത്തിൽ ഒമ്പത് മുതൽ 12ാം ക്ലാസ് വരെയുള്ളവരുമാണ് പങ്കെടുക്കുക. 27ന് നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. അലി സഊദ് അൽ ബിമാനി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ മൂന്നിനാണ് സമാപനം. അന്ന് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാമെന്ന് പരിപാടികൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു.
വൈസ് ചെയർമാൻ സെയ്ദ് സൽമാൻ, ഫിനാൻസ് ഡയറക്ടർ അശ്വിനി സവ്രിക്കർ, അക്കാദമിക് ചെയർ സിറാജീദ്ദീൻ നെലാട്ട്, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനോബ എം.പി, ദാർസൈത് ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ അജിത് വാസുദേവൻ, പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു