അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ തുടരും
പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് ഈ മാസം 23ന് തുടക്കമാകും. ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഒമാൻ ഫ്രം ഹോഴ്സ്ബാക്കുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഹൈക്കിംഗ്, കുതിര സവാരി, വിൽപന സ്റ്റാളുകൾ തുടങ്ങി വ്യത്യസ്തങ്ങളാണ് വിനോദ, വിപണന വിഭവങ്ങൾ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കും.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേള എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ രാത്രി 10 മണി വരെ തുടരും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെയാണ് ഫെസ്റ്റിവൽ പ്രതീക്ഷിക്കുന്നത്.
ചെറുകിട ഇടത്തരം സംരംഭകരെയും കർഷകരെയും ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കുന്നു. 12 സംരംഭകർ അവരുടെ ഉത്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. എണ്ണ, സുഗന്ധ വസ്തുക്കൾ തുടങ്ങിയവക്ക് പുറമെ കർഷകർ തങ്ങളുടെ വിളകളും പ്രദർശനത്തിനെത്തിക്കും. സന്ദർശകർക്ക് ഉത്പന്നങ്ങളും പഴങ്ങളും അടക്കം നേരിട്ട് നിർമാതാക്കളിൽ നിന്നും കർഷകരിൽ നിന്നും സ്വീകരിക്കാനാകും. കുതിര പ്രദർശനം ഫെസ്റ്റിവലിലെ മറ്റൊരു ആകർഷണമാണ്. കുട്ടികൾക്ക് കുതിര സവാരിയും ഒരുക്കും. പത്ത് റൈഡർമാരും ഫെസ്റ്റിവലിന്റെ ഭാഗമാകും. രണ്ട് ദിവസം കൊണ്ട് ജബൽ അഖ്ദറിലെ 50 കിലോമീറ്റർ സഞ്ചരിക്കും. അലില ജബൽ അഖ്ദർ ഹോട്ടലിൽ നിന്നും ആരംഭിച്ച നസീം റിസോർട്ടിൽ റൈഡിംഗ് സമാപിക്കും.