മസ്കത്ത്, സുഹാർ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തി ബസ് മാർഗം യു എ ഇയിലേക്ക് യാത്ര ചെയ്യുകയാണ് പ്രവാസികൾ
ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതോടെ അൽപം ‘വളഞ്ഞ വഴി’ തേടുകയാണ് പ്രവാസി മലയാളികൾ. അവധിക്കാലം അവസാനിക്കാറായതോടെ ഒമാൻ ഉൾപ്പെടെ മറ്റ് ജി.സി.സി രാജ്യങ്ങൾ വഴി യു.എ.ഇയിൽ എത്താനുള്ള ശ്രമത്തിലാണ് അവർ. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളിൽ നല്ലൊരു ശതമാനവും ‘വൺ സ്റ്റോപ്’ വിമാനങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
വേനലവധി കഴിഞ്ഞ് ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയിൽ സ്കൂളുകൾ തുറക്കും. ഈ സമയത്ത് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് 1500 ദിർഹം മുതൽ മുകളിലേക്കാണ് നിരക്ക്. എന്നാൽ, വൺ സ്റ്റോപ് വിമാനങ്ങളിൽ 1000 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. നാലുപേർ അടങ്ങുന്ന കുടുംബത്തിന് ഇതുവഴി 2000 ദിർഹം വരെ ലാഭിക്കാൻ കഴിയും. 10 മണിക്കൂറിൽ അധികം യാത്ര ചെയ്താൽ ഇത്രയും തുക ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് ഇവരെ ഒമാൻ വഴിയുള്ള സഞ്ചാരം തിരഞ്ഞെടുക്കുന്നത്. കൊച്ചിയിൽനിന്ന് മസ്കത്തിലേക്ക് 600-700 ദിർഹം മാത്രമാണ് ടിക്കറ്റ്. ഒമാനിലെ ഓൺ അറൈവൽ വിസയുമെടുത്ത് അവിടെനിന്ന് ബസിൽ ദുബൈയിൽ എത്തിയാൽ പോലും 1000 ദിർഹമിൽ താഴെയേ ചെലവ് വരൂ. യു.എ.ഇ വിസയുള്ളവർക്ക് 60 ദിർഹമിന് ഒമാനിലെ ഓൺ അറൈവൽ വിസ ലഭിക്കും
അതേസമയം, ഒമാൻ വഴി യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ വർധിച്ചതോടെ പാക്കേജുകൾ പ്രഖ്യാപിച്ച് ഒമാനിലെയും നാട്ടിലെയും ട്രാവൽ ഏജൻസികളും രംഗത്തുണ്ട്. വിമാന ടിക്കറ്റ്, ഒമാൻ സന്ദർശക വിസ, വിസ മെസ്സേജ്, ബസ് ടിക്കറ്റ് എന്നിവയെല്ലാം ഉൾപ്പെടെ പാക്കേജുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ ഏജന്സികള് ബസ് ഗ്രൂപ്പ് ടിക്കറ്റ് എടുത്ത് യു എ ഇയിലേക്ക് യാത്രാ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.
യു എ ഇയിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പ്രവാസികൾക്ക് തിരിച്ചടിയായ ഈ സാഹചര്യത്തിൽ ഒമാൻ വഴിയുള്ള യാത്രാ സൗകര്യം ഏറെ ആശ്വാസകാര്യമായി യുഎ പ്രവാസികൾ കരുതുന്നു.