75 രാജ്യങ്ങളില്‍ കുരങ്ങുപനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടന ഏറ്റവും ഉയര്‍ന്ന ജാഗ്രതാനിര്‍ദേശമാണ് മങ്കിപോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്. ആഗോളതലത്തില്‍ കുരങ്ങുപനി പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകള്‍ കൂടി പരിഗണിച്ച് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

75 രാജ്യങ്ങളില്‍ നിന്നായി 16,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മങ്കിപോക്‌സ് വ്യാപനത്തിന്റെ ഫലമായി ഇതുവരെ അഞ്ച് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനുമുമ്പ് രണ്ട് തവണ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് കൊറോണ വൈറസ് മഹാമാരിക്കെതിരെയും മറ്റൊന്ന് പോളിയോ നിര്‍മാര്‍ജനത്തിനായും. മങ്കിപോക്‌സ് പടര്‍ന്നുപിടിക്കുന്നതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തരംതിരിക്കണമോ എന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ എമര്‍ജന്‍സി കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡോ ടെഡ്രോസ് പറഞ്ഞു. എന്നിരുന്നാലും, രോഗവ്യാപനം ലോകമെമ്പാടും അതിവേഗം വ്യാപിച്ചിട്ടുണ്ടെന്നും ഇത് അന്താരാഷ്ട്രതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടന തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

കുരങ്ങുപനിയുടെ വൈറസ് മുമ്പ് കണ്ടിട്ടില്ലാത്ത പല രാജ്യങ്ങളിലേക്കും അതിവേഗം പടര്‍ന്നുവെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. വാക്‌സിനുകളുടെ വികസനം വേഗത്തിലാക്കാനും വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ പ്രഖ്യാപനം സഹായിക്കുമെന്ന് ഡോ ടെഡ്രോസ് പറഞ്ഞു. ശരിയായ പ്രതിരോധത്തിലൂടെ തടയാന്‍ കഴിയുന്ന ഒരു പകര്‍ച്ചവ്യാധിയാണിതെന്ന്, ഡോ ടെഡ്രോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *