ഗൾഫ് പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് അറുതി വരുത്തണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു.

ഗൾഫ് പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് അറുതി വരുത്തണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ട് അബ്ദുൽ സമദ് സമദാനി എം പി.

അവധിക്കാലത്ത് ഗൾഫ് യാത്രക്കാരായ പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന വിമാന ടിക്കറ്റ് വർദ്ധന സൃഷ്ടിച്ച പ്രയാസകരമായ സാഹചര്യത്തിൽ ഇടപെട്ട് ഈ പ്രവണത തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അബ്ദുൽ സമദ് സമദാനി എം പി.  ലോക്സഭയിൽ ആവശ്യപ്പെട്ടു.

അവധിക്കാലത്ത് ഒരു പരിധിയുമില്ലാതെ നാലും അഞ്ചും ഇരട്ടി വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തുന്നത്. അവധിക്കാലത്ത് നാട്ടിലെത്താൻ കൊതിക്കുന്ന പ്രവാസികളെ കഠിനമായ പ്രയാസത്തിലാണ് ഇത് അകപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യം കാരണം നിരവധി പ്രവാസികൾ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കാൻ നിർബന്ധിതരായി.

അവധിക്കാലത്ത് ഗൾഫിൽ നിന്ന് നാട്ടിലെത്താൻ പ്രവാസി ചെലവഴിക്കേണ്ടി വരുന്ന തുക കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് പോകാനുള്ള തുകയേക്കാൾ കൂടുതലാണ്. കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുന്നവർ ലക്ഷക്കണക്കിന് രൂപ മുടക്കേണ്ടി വരുന്ന ഗതികേടാണുള്ളത്. അവധിക്കാലത്ത് യഥാർത്ഥത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള സെക്ടറുകളിൽ യാത്രക്കാരുടെ വലിയ തോതിലുള്ള വർദ്ധനവാണ് ഉണ്ടായിത്തീരുന്നത്. എന്നിട്ടും ഈ രീതിയിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. 

അതിനാൽ ഈ പ്രവണതക്ക് അറുതി വരുത്താൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

പ്രവാസിയാത്രക്കാരുടെ ദുരിതകരമായ ഈ സാഹചര്യം ശ്രദ്ധയിൽ പ്പെടുത്തിക്കൊണ്ടും അതിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടും ആ സമയത്ത് തന്നെ ബഹു. വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യക്ക് ഇ-മെയിൽ അയക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *