ആലപ്പുഴ, ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രൻ ഗോപാലകൃഷ്ണനും മറ്റൊരു മലയാളിയുമാണ് മോചിതരാകുന്നത്. സുരേന്ദ്രൻ ഗോപാലകൃഷ്ണൻ ചിത്രകാരൻ കൂടിയാണ് (അദ്ദേഹം വരച്ച ചിത്രമാണ് മുകളിൽ കാണുന്ന കവർ ചിത്രം )

ബലി പെരുന്നാൾ പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരികിന്റെ കാരുണ്യത്തിൽ മോചിതരാകുന്നവരിൽ രണ്ട് മലയാളികളും ഉള്ളതായി റിപ്പോർട്ട്. കൊലപാതക കുറ്റത്തിന് 20 വർഷം ജയിൽശിക്ഷ അനുഭവിച്ച ആലപ്പുഴ, ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രൻ ഗോപാലകൃഷ്ണനും മറ്റൊരു മലയാളിയുമാണ് മോചിതരാകുന്നത്. മൊത്തം 308 പേർക്കാണ് സുൽത്താൻ മോചനം നൽകുന്നത്. ഇവരിൽ 119 പേർ വിദേശികളാണ്.

2002ൽ ഇസ്‌കിയിൽ സഹപ്രവർത്തകരായ രണ്ട് മലയാളികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗോപാലകൃഷ്ണൻ ശിക്ഷിക്കപ്പെടുന്നതെന്ന് സാമൂഹിക പ്രവർത്തകൻ പി എം ജാബിർ പറഞ്ഞു. ഭാര്യ പ്രസവിച്ച സന്തോഷത്തിൽ നാട്ടിലേക്ക് പോകാൻ സഹപ്രവർത്തകർ തടസ്സമായത് കൊലപാതകത്തിന് കാരണമായി. ഭാര്യ ഗർഭിണി ആയിരിക്കുമ്പോഴാണ് ഗോപാലകൃഷ്ണൻ ഒമാനിലെത്തുന്നത്. പിന്നീട് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.

മകൾ ഇപ്പോൾ ബിരുദാനന്തര വിദ്യാർഥിയാണ്. കഴിഞ്ഞ ചെറിയ പെരുന്നാൾ സമയം ഭാര്യ പ്രിയയും മകളും ഒമാനിലെത്തി ജയിലിൽ ഗോപാലകൃഷ്ണനെ സന്ദർശിച്ചിരുന്നു. ഉടൻ പുറത്തിറങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു. ഇതിനിടയിൽ ഗോപാലകൃഷ്ണന്റെ അച്ഛനും അമ്മയും മരണപ്പെട്ടിരുന്നു. ചിത്രകാരൻ കൂടിയാണ് ഗോപാലകൃഷ്ണൻ.
നേരത്തെ ഒമാനിലെ ഇന്ത്യൻ അംബാസഡർമാരും സാമൂഹിക പ്രവർത്തകരും ഗോപാലകൃഷ്ണന്റെ ജയിൽ മോചനത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് ഇത്തവണ ബലി പെരുന്നാളിന് സുൽത്താൻ ജയിൽ മോചനം നൽകുന്ന തടവുകാരുടെ കൂട്ടത്തിൽ ഗോപാലകൃഷണൻ അടക്കം രണ്ട് മലയാളികളും മറ്റു 306 പേരും ഇടം നേടിയത്.
ഗോപാല കൃഷ്ണന്റെ ജയിൽ മോചനത്തിന് ശ്രമം നടത്തിയ ഒമാനിലെ സാമൂഹ്യ പ്രവർത്തകനായ ജാബിർ മാളിയേക്കൽ ഫേസ്ബുക്കിൽ എഴുതുന്നു.
അതെ. ഗോപാലകൃഷ്ണൻ മോചിതനാവുന്നു. നീണ്ട ഇരുപത് വർഷങ്ങൾക്കു ശേഷം.
സന്തോഷം കൊണ്ട് എൻ്റെ കണ്ണു നിറയുന്നു.
വിവരം പങ്കു വെക്കുമ്പോൾ പ്രിയ ഒരേ സമയം കരയുകയും ചിരിക്കുകയുമായിരുന്നു. അവരുടെ ഇരുപത്തൊന്നു വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു.
ജയിലിൽ നിന്നും വിളിക്കുമ്പോഴൊക്കെ ഗോപാലകൃഷ്ണൻ തിരക്കും “സാറേ എന്തായി”? തനിക്കു ശേഷം വന്നവരൊക്കെ മോചിതരായിരിക്കുന്നു. തൻ്റെത് മാത്രം നീണ്ടു പോകുന്നു. എന്നിട്ടും അയാൾ പ്രതീക്ഷ കൈവിട്ടില്ല.
പ്രിയ പല തവണ ദയാഹരജികൾ നൽകി. അമ്പാസിഡർമാർ മാറി മാറി വന്നു. വിശേഷ ദിവസങ്ങളോടനുബന്ധിച്ച് മാപ്പു നൽകപ്പെടുന്നവരുടെ ലിസ്റ്റ് വരുന്നത് ആകാംക്ഷയോടെ കാത്തു നിൽക്കും. പ്രിയ വിളിക്കും “അദ്ദേഹത്തിൻ്റെ പേരുണ്ടോ സാറേ”? സഹോദരൻ ബിജുവിൻ്റെ കൂട്ടുകാരൻ ബിനു ചോദിക്കും “ഇത്തവണയും ഇല്ല, അല്ലേ സാറേ”?
ജയിൽ നിലകൊള്ളുന്ന സുമായിൽ പ്രദേശത്ത് താമസിക്കുന്ന ടോണി മുടങ്ങാതെ ഗോപാലകൃഷ്ണനെ സന്ദർശിച്ചു വന്നു. ആ വലിയ മനുഷ്യ സ്നേഹിയുടെ സഹായത്താൽ പ്രിയയും മകളും ഈ കഴിഞ്ഞ റംസാൻ മാസത്തിൽ ഒമാനിലെത്തി. അവരുടെ ജയിലിലെ കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം കൂടെ കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭർത്താവിനെ ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം കാണുന്ന ഭാര്യ, ജന്മം നൽകിയ പിതാവിനെ ആദ്യമായി കാണുന്ന മകൾ… അവളിന്ന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഫൈനൽ പരീക്ഷയ്ക്ക് ആഴ്ചകൾ മാത്രം ബാക്കി. ഏറെ നേരം ഇമവെട്ടാതെ നോക്കി നിന്ന അച്ഛനോട് അവൾക്ക് പറയാനേറെയുണ്ടായിരുന്നു. ജയിൽ അധികാരികൾ ദയാപൂർവ്വം സമയം അനുവദിച്ചു. ഒന്നല്ല, പത്തു ദിവസത്തിനുള്ളിൽ മൂന്നു തവണ. പുണ്യമാസം അവസാനിക്കുന്നു. ഈദ് അവധി തുടങ്ങുമ്പോഴേക്കും അവർ നാട്ടിലേക്ക് തിരിച്ചു പോയി. വളരെയേറെ പ്രതീക്ഷകളോടെ. തങ്ങളുടെ സന്ദർശനം അദ്ദേഹത്തിൻ്റെ മോചനം വേഗത്തിലാക്കാൻ സഹായിക്കും എന്ന വിശ്വാസത്തോടെ. അവർ നാട്ടിലെത്തി മൂന്നാം ദിവസം ഈദ് അൽ ഫിത്ർ. പ്രിയ മെസ്സേജയച്ചു. “ഈദ് മുബാറക്”.
ജൂലൈ ആറ് ബുധനാഴ്ച. മൂന്നു ദിവസം കഴിഞ്ഞാൽ ഈദ് അൽ അദ്ഹ. രാവിലെ ബിനുവിൻ്റെയും പ്രിയയുടെയും ഫോൺ. സാറേ അദ്ദേഹത്തിൻ്റെ പേര് ഇത്തവണത്തെ ലിസ്റ്റിൽ ഉണ്ടെന്ന് വികാസ് വിളിച്ചറിയിച്ചു. ഒന്നു തിരക്കാമോ? സന്തോഷം കൊണ്ടു തുള്ളിച്ചാടണമെന്ന് തോന്നി. എമ്പസ്സിയിൽ ഇർഷാദ് സാറിനെ വിളിച്ചു. അവർക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ടോണിയെ വിളിച്ചു. കൺഫേം ചെയ്യാൻ അദ്ദേഹത്തിനും സാധിച്ചില്ല. അൽപം കഴിഞ്ഞ് തിരിച്ചുവിളിച്ചു. ഇക്കാ ശരിയാണ്. ഗോപാലകൃഷ്ണൻ വിളിച്ചു. ഇക്കയെ വിളിച്ചു കിട്ടിയില്ല എന്നു പറഞ്ഞു. ഞാൻ പറഞ്ഞു നാട്ടിലാണെന്ന്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി വേറൊരു ജയിലിലോട്ട് മാറ്റിയെന്നു പറഞ്ഞു. ഇനി എല്ലാം നമുക്ക് വേഗത്തിലാക്കാം”.
ഉച്ച കഴിഞ്ഞ് ഗിരീഷിൻ്റെ കോൾ. ”ജാബിർക്കാ, ഗോപാലകൃഷ്ണൻ വിളിച്ചിരിന്നു. ങ്ങളെ ഫോൺ വിളിച്ചു കിട്ടിയില്ല എന്നു പറഞ്ഞു. ഇർഷാദ് സാർ പറഞ്ഞു ങ്ങളെ മെസ്സേജുണ്ടായിരുന്നു എന്ന്”.
ഗോപാലകൃഷ്ണന് വൈകാതെ നാട്ടിലെത്താനാകും. അയാളുടെ മാതാപിതാക്കൾ ഇന്നില്ല. അച്ഛൻ ഏതാനും വർഷങ്ങൾക്കു മുമ്പേ മരണപ്പെട്ടു. മകൻ്റെ മോചനവും കാത്ത് കണ്ണീർ വറ്റി കഴിഞ്ഞ വർഷം അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ചെട്ടിക്കുളങ്ങരയിലെ ആ വീട്ടിൽ പ്രിയയും മകളും ഗോപാലകൃഷ്ണനെ കാത്തിരിപ്പുണ്ട്. ഈദ് അവധി കഴിയുന്നതോടെ യാത്രാരേഖകൾ തയ്യാറായാൽ അദ്ദേഹം നാട്ടിലെത്തും.
എൻ്റെ ഒമാനിലെ ജീവിതം മതിയാക്കുന്നതിന് മുമ്പു ഗോപാലകൃഷ്ണൻ മോചിപ്പിക്കപ്പെടണേ എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിതാ സഫലമായിരിക്കുന്നു.
അദ്ദേഹത്തിന് മാപ്പു നൽകിയ ആദരണീയനായ ഒമാൻ ഭരണാധികാരി ഹിസ് മെജസ്റ്റി സുൽത്താൻ ഹൈത്തം ബിൻ താരീഖ് അൽ സൈദിൻ്റെ ദയാവായ്പിന് മുന്നിൽ കൈകൂപ്പുന്നു.
ഗോപാലകൃഷ്ണൻ്റെ മോചനത്തിനായുള്ള എൻ്റെ ശ്രമം ആരംഭിച്ചതിനു ശേഷം ഒമാനിലെ ഇന്ത്യൻ എമ്പസ്സിയിൽ നാലു അമ്പാസിഡർമാർ മാറി. എല്ലാവരും സഹകരിച്ചു. അവരുടെ ഉദ്യോഗസ്ഥരും. റഹീം ഉൾപ്പെടെയുള്ള മുൻ ഉദ്യോഗസ്ഥരും.
ഞങ്ങൾക്കിത് സന്തോഷത്തിൻ്റെയും ആശ്വാസത്തിൻ്റെയും സഫലീകരണത്തിൻ്റെയും നിമിഷങ്ങൾ. എനിക്ക് മാത്രമല്ല, പ്രിയയുടെ സഹോദരൻ ബിജുവിന്, അദ്ദേഹത്തിൻ്റെ ആത്മസുഹൃത്ത് ബിനുവിന്, ടോണിയ്ക്ക്, ISC ചാരിറ്റി വിങ്ങിലെ സഹപ്രവർത്തകർ ആനി, രഷ്ന, ലിന്നെറ്റ്, ആസാവരി, നളിനി, രാജീവ്…(ബ്രിജിറ്റും പത്മിനിയും ഏറെ ആഗ്രഹിച്ചതാണീ മോചനം. അവർ ഒമാൻ വാസം അവസാനിപ്പിച്ച് തിരിച്ചു പോയിരിക്കുന്നു). ഓരോ വിശേഷാവസരങ്ങളിലും ആകാംക്ഷയോടെ തിരക്കിയ നൂർജഹാൻ ടീച്ചർക്ക്, പുരുഷുവിന്,.കലാ പുരുഷുവിന്, പ്രസന്നന്……
ഞാൻ ആദ്യം വൈലാനയോടൊപ്പവും പിന്നീട് ഷഹനയോടൊപ്പവും പ്രിയയെ കാണാൻ പോയപ്പോൾ സഹോദരൻ്റെ കൂടെ കായംകുളത്തായിരുന്നു അവർ താമസിച്ചിരുന്നത്. ഇപ്പോൾ ചെട്ടിക്കുളങ്ങരയിൽ.
ഗോപാലകൃഷ്ണൻ എത്തുന്നു എനിക്കിനി
ചെട്ടിക്കുളങ്ങര സന്ദർശിക്കാൻ ധൃതിയായി.
ത്യാഗ സ്മരണ പുതുക്കുന്ന ഈദ് അൽ അദ്ഹയുടെ വേളയിലാണ് ഗോപാലകൃഷ്ണൻ ജയിൽ മോചിതനാകാൻ പോകുന്നത്.
എല്ലാവർക്കും ദയയുടെ, കരുണയുടെ, ക്ഷമയുടെ, സ്നേഹത്തിൻ്റെ ഈദ് മുബാറക്.🌹❤️
ജാബിർ

Leave a Reply

Your email address will not be published. Required fields are marked *