മസ്‌കത്തില്‍ നിന്നും കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് ഒരു ദിവസത്തിലേറെ സമയം. ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ വരെ പുറപ്പെട്ടിട്ടില്ല.
ഒരു ദിവസത്തിലേറെ വിമാനം വൈകിയത് കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ യാത്രക്കാരെ ദുരിതത്തിലാക്കി.
ബോര്‍ഡിംഗ് പാസ് ലഭിച്ച് ലഗേജ് കയറ്റിവിട്ട് യാത്രാ ഗേറ്റിന് മുന്നില്‍ ഇരിക്കുമ്പോഴാണ് വിമാനം വൈകുമെന്ന് അറിയിപ്പ് ലഭിക്കുന്നതെന്ന് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി മുനീര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം വിമാനം വൈകുന്നുവെന്നായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ അറിയിപ്പ്.
വിമാനം മൂന്ന് മണിക്കൂര്‍ വൈകി പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ഈ സമയം ആയിട്ടും ബോര്‍ഡിംഗ് നടപടികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്.
ലഗേജ് കയറ്റിവിട്ടതിനാല്‍ പലര്‍ക്കും മാറ്റിയെടുക്കാന്‍പോലും വസ്ത്രങ്ങള്‍ കയ്യിലുണ്ടായിരുന്നില്ല. രാത്രിയിലും ഇന്നലെ പകല്‍ സമയം പൂര്‍ണമായും ഹോട്ടലില്‍ കഴിച്ചുകൂട്ടിയ യാത്രക്കാര്‍ ഇതിനിടെ മസ്‌കത്തിലെ ഓഫീസുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
സംഭവം അറിഞ്ഞ് നാട്ടിലുള്ള ബന്ധുകള്‍ കണ്ണൂര്‍ എയര്‍ ഇന്ത്യ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.