റമസാനിലെ ആദ്യ വെള്ളിയാഴ്ച
പള്ളികൾ പ്രാര്‍ഥനകളാല്‍ ധന്യമാക്കി ഒമാനിലെ വിശ്വാസികൾ

സുപ്രീം കമ്മറ്റി യുടെയും റോയൽ ഒമാൻ പോലീസിൻ്റെയും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയായിരുന്നു പള്ളികളില്‍ ജുമുഅ നിസ്‌കാരം നടന്നത്.

വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച ഭക്തിസാന്ദ്രമായി വരവേറ്റ് ഒമാനിലെ ഇസ്ലാം മത വിശ്വാസികൾ. പള്ളികൾ പ്രാർഥനാ മുഖരിതമായി.

രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ആദ്യമായി റമസാനിൽ വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നിസ്‌കരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികൾ.

എല്ലാവരും പള്ളികളിൽ നേരത്തെ തന്നെ എത്തി വിശ്വാസികൾ ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകി. പള്ളിയിൽ ഉൾവശം പെട്ടന്ന് തന്നെ നിറഞ്ഞു. അവസാനമെത്തിയ പലരും പള്ളിയുടെ പുറത്ത് നിന്നാണ് ജുമുഅയിൽ പങ്കാളികളായത്.

കടുത്ത ചൂടിലും പള്ളിയുടെ പുറത്ത് വിശ്വാസികൾക്കായി പ്രാർത്ഥനാ സൗകര്യം ഒരുക്കിയിരുന്നു. രാജ്യത്തെ പ്രധാന പള്ളികളിൽ എല്ലാം തന്നെ നൂറ് കണക്കിന് വിശ്വാസികൾ ജുമുഅയിൽ പങ്കെടുത്തു.
പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാണ് ജുമുഅ നിസ്‌കാരത്തിനും വിശ്വാസികൾക്ക് സൗകര്യമൊരുക്കിയത്. അവ കൃത്യമായി പാലിച്ചു വിശ്വാസികൾ ജുമുഅ നിസ്കാരം നിർവഹിച്ചു.

സുപ്രീം കമ്മറ്റിയും മതകാര്യ മന്ത്രാലയവും റോയൽ ഒമാൻ പോലീസും വിശ്വാസികൾക്കായി കൊവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ചിത്രങ്ങൾക്ക് കടപ്പാട് : വി കെ ഷഫീർ.

Leave a Reply

Your email address will not be published. Required fields are marked *