യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ക്ക് യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഒമാനിലെയും യു.എ.ഇയിലെയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ ബാധകമാണ്.

ഒമാനിലേക്ക് വരുന്നവര്‍ https://covid19.emushrif.om/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഈ വെബ്‌സൈറ്റില്‍ ഒമാന്‍ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇതിന് പുറമെ ഒമാനില്‍ പ്രവേശിക്കുന്നതിന് 14 ദിവസത്തിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ ഫലവും വെബ്‌സൈറ്റില്‍ നല്‍കണം.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും രേഖകള്‍ പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. തങ്ങളുടെ രേഖകളെല്ലാം ശരിയാക്കി വെയ്ക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതെങ്കിലും യാത്രക്കാരനെ ഒമാനിലേക്ക് കൊണ്ടുവന്നാല്‍ വിമാനക്കമ്പനി പിഴ അടയ്‌ക്കേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വാക്‌സിനെടുത്ത യാത്രക്കാര്‍, https://covid19.emushrif.om/ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷന്‍ രേകഖകള്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍ എന്നിവ കൈയില്‍ കരുതണം.

വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ https://covid19.emushrif.om/ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്, നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍, ഒമാന്‍ സ്വദേശികളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോ അല്ലാത്തവര്‍ക്ക് ക്വാറന്റീന്‍ സെന്റര്‍ റിസര്‍വേഷന്‍ രേഖഎന്നിവ കൈയില്‍ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *