എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെയുള്ള സഊദി അറേബ്യയുമായി ഒമാനെ ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദിന്റെ ഒമാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇരു രാഷ്ട്രങ്ങളും സംയുക്തമായി റോഡ് തുറക്കുന്നതായി പ്രഖ്യാപിച്ചത്.
തന്ത്രപ്രധാനമായ പാത തുറക്കുന്നത് ഇരു സഹോദര രാഷ്ട്രങ്ങള്‍ക്കുമിടയിലെ സാമൂഹിക ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്ന് ഗതാഗത-ആശയവിനിമയ മന്ത്രി എന്‍ജി. സഈദ് ഹമൂദ് അല്‍ മഅ്വലി പറഞ്ഞു.
മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറക്കുന്നത്. നേരത്തെ യു എ ഇയിലൂടെ കടന്നുപോകുന്ന 1638 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടാണ് സഊദിയുമായി ഒമാനെ ബന്ധിപ്പിക്കുന്ന കര മാര്‍ഗം. ഈ യാത്രക്ക് 16 മുതല്‍ 18 വരെ മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, പുതിയ റോഡ് വന്നതോടെ 800 കിലോമീറ്റര്‍ ദൂരം കുറയും.
യു എ ഇയിലേക്കും തുടര്‍ന്ന് സഊദിയിലേക്കും പോകാനുള്ള വാഹനങ്ങളുടെ തിരക്കും കാലതാമസവും ബുറൈമി, ബാത്തിന അതിര്‍ത്തികളില്‍ അനുഭവപ്പെടാറുണ്ട്. ഇത് കുറയും. ഇബ്രി നഗരത്തിലൂടെയാണ് സഊദിയിലേക്കുള്ള പുതിയ റോഡ്. ജി സി സിയുമായി ബന്ധപ്പിക്കുന്നതിന് പുറമെ, ഗ്രാമങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് പ്രാദേശിക വ്യാപാരത്തിനും നിര്‍ണായകമാണ് ഇത്. പുതിയ റോഡ് വന്നതോടെ വ്യാപാര ചരക്കുകളുടെ തോത് വര്‍ധിപ്പിക്കും. ഇബ്രിയിലെ തനാമില്‍ നിന്നാണ് ഒമാനില്‍ റോഡ് ആരംഭിക്കുന്നത്.
എണ്ണപ്പാടങ്ങളിലൂടെയും മരുഭൂമിയിലൂടെയും കടന്നുപോകുന്ന റോഡ്, സഊദി അതിര്‍ത്തിയുള്ള എംപ്റ്റി ക്വാര്‍ട്ടറില്‍ എത്തിച്ചേരുന്നു. എന്‍ജിനീയറിംഗ് അത്ഭുതം എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. എംപ്റ്റി ക്വാര്‍ട്ടറിലെ മണല്‍ക്കുന്നുകള്‍ക്കിടയിലൂടെ കടന്നുപോകുന്നതിനാലാണിത്. ലോകത്തെ ഏറ്റവും വലിയ തൊട്ടുതൊട്ടുള്ള മണല്‍ക്കൂനകളും മരൂഭൂമിയും എംപ്റ്റി ക്വാര്‍ട്ടറിലെതാണ്.