സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിലെ കൂനൂരിൽ തകർന്നു വീണു. 13 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ സ്ഥിരീകരിച്ചു. 80 ശതമാനം പൊള്ളലേറ്റ ബിപിൻ റാവത്തിന്‍റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ട്. സൈനിക ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഉച്ചക്ക് 12.20ഒാടെ ഊട്ടിയിലെ കൂനൂരിലെ കട്ടേരി പാർക്കിലായിരുന്നു അപകടം. ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം.
ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
അപകടസ്ഥലത്തിന് 300 മീറ്റർ ചുറ്റളവിൽ സൈന്യം, പൊലീസ്, അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തി. രണ്ട് പേരെ ജീവനോടെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് സ്ഥിരീകരിക്കാത്ത വിവരം. സുലൂർ വ്യോമകേന്ദ്രം കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം.
വ്യോമസനേയുടെ എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ഡൽഹിയിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
അപകടം വിവരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ അറിയിച്ചു. ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് പാർലമെന്‍റിൽ പ്രസ്താവന നടത്തും. രാജ്നാഥ് സിങ്ങും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഊട്ടിയിലേക്ക് തിരിക്കും. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി സുലൂർ വ്യോമകേന്ദ്രത്തിലെത്തും.