കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിനെ തുടര്‍ന്ന് വാക്‌സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഫൈസര്‍. ഉയര്‍ന്ന പ്രതിരോധശേഷിക്ക് തുടര്‍ച്ചയായുള്ള വാക്‌സിന്‍ അനിവാര്യമാണെന്ന് ഫൈസര്‍ സി.ഇ.ഒ ഡോ ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു. 

അതേസമയം, ഫൈസറിന്റെ ഈ വാദം ശരിവെച്ച് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയും രംഗത്തെത്തി. അമേരിക്കക്കാര്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ സ്വീകരിക്കാന്‍  തയ്യാറാകേണ്ടതുണ്ടെന്ന് ഫൗസി മുന്നറിയിപ്പ് നല്‍കി.

ഇതുവരെയുള്ള കാര്യങ്ങള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍, വാര്‍ഷിക വാക്‌സിനേഷന്‍ വേണമെന്ന് ഞാന്‍ പറയും. വളരെ ശക്തവും ഉയര്‍ന്ന തലത്തിലുള്ളതുമായ സംരക്ഷണം നിലനിര്‍ത്താന്‍ ഇത് ആവശ്യമായി വരാം. – അദ്ദേഹം പറഞ്ഞു. 

വാര്‍ഷിക വാക്സിനേഷനുകള്‍ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും.  കമ്പനി ഒമിക്രോണിനെതിരായ വാക്സിന്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു.

അഞ്ച് മുതല്‍ 11 വരെ  പ്രായപരിധിയിലുള്ളവര്‍ക്ക് ഒക്ടോബറില്‍ ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയുരുന്നു. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് യു.കെയിലും യൂറോപ്പിയും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് വളരെ നല്ല ആശയമാണെന്ന് ഡോ. ബുര്‍ല പറഞ്ഞു.

സ്‌കൂളുകളില്‍ കൊവിഡ് പടരുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 50 വയസിന് മുകളിലുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ള 16 വയസിന് മുകളിലുള്ളവരും ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് അയര്‍ലണ്ടിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഉപദേശക സമിതിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരും വര്‍ഷത്തേക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനായി വാക്സിനുകള്‍ ശേഖരിക്കുമെന്ന് യു.കെയും ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. 

ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm

Leave a Reply

Your email address will not be published. Required fields are marked *