രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരണപ്പെട്ടു.
കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കിലാണ് അപകടം നടന്നത്. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ആകെ 14 പേരുണ്ടായിരുന്നതില്‍ 13 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വ്യക്തമാക്കുന്നു.

14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 9 പേരുടെ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്:
- ജന. ബിപിന്‍ റാവത്ത്
- ശ്രീമതി മധുലിക റാവത്ത്
- ബ്രിഗേഡിയര്‍ LS ലിഡ്ഡര്‍
- ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്
- എന്‍ കെ ഗുര്‍സേവക് സിംഗ്
- എന്‍ കെ ജിതേന്ദ്രകുമാര്‍
- ലാന്‍സ് നായ്ക് വിവേക് കുമാര്‍
- ലാന്‍സ് നായ്ക് ബി സായ് തേജ
9.ഹവില്‍ദാര്‍ സത്പാല്‍
ഉച്ചയ്ക്ക് 12.10-ഓടെയാണ് ഹെലികോപ്റ്റര്‍ സൂളൂരിലെ എയര്‍ സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്നത്. വെല്ലിംഗ്ടണിലെ സൈനികകോളേജില്‍ ഏറ്റവും പുതിയ കേഡറ്റുകളെ കണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പുറപ്പെട്ടത്. 2.45-നായിരുന്നു ഈ പരിപാടി. സൂളൂരിലെ എയര്‍ സ്റ്റേഷനില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് വലിയ ദൂരമില്ല. എന്നാല്‍ വെല്ലിംഗ്ടണില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. ഇവിടെ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റര്‍ ദൂരത്ത് വച്ച് ഹെലികോപ്റ്റര്‍ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം. മൂക്കുകുത്തിയാണ് ഹെലികോപ്റ്റര്‍ ഭൂമിയിലേക്ക് പതിച്ചത്.

