പ്രവാസി യാത്രക്കാരെ ചൂഷണം ചെയ്യാനുള്ള നിലപാട്‌ വിമാനകമ്പനികൾ തിരുത്തണം. ഒമാൻ റുവി കെ എം സി സി

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ്‌ അടുത്ത മാസം ഒന്ന് മുതൽ ഒമാനിലേക്കുള്ള യാത്രക്കാർക്ക്‌ കടന്നു വരാനുള്ള സാഹചര്യം ഒരുങ്ങുന്നത്‌. ഇതിനോടകം നിരവധി ആളുകളുടെ ജോലി തന്നെ അനിശ്ചിതത്വത്തിലാണ്‌. വിസയുടെ കാലാവധി കഴിഞ്ഞവരും അവധിയുടെ ദൈർഘ്യം നീണ്ടു പോയതിനാൽ ജോലിയുടെ കാര്യം സംശയത്തിലാവുകയും ചെയ്ത ഒട്ടേറെ പേരുണ്ട്‌. കോവിഡിന്റെ രണ്ടാം തരംഗം ഒമാനിലെ സാധാരണ അവസ്ഥയെ വലിയ രീതിയിൽ ബാധിച്ചിരുന്നത്‌ ഇതു കൊണ്ടു തന്നെ അവധിയിക്ക്‌ പോയി നാട്ടിൽ കുടുങ്ങിയവർക്ക്‌ അവധിയുടെ ശമ്പളമോ, മടങ്ങിയെത്താനുള്ള ടിക്കറ്റോ ലഭിക്കാത്ത അവസ്ഥയാണെന്ന് പല പ്രവാസികളും പറയുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്‌ അധികവും.

നിരവധി പ്രയാസങ്ങളിലൂടെ കടന്നു വരുന്ന പ്രവാസികൾക്ക്‌ ആശ്വാസമായി കൊണ്ടുള്ള വിജ്ഞാപനം വന്നതോടെ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ വർദ്ധിപ്പിച്ച്‌ പ്രവാസി സമൂഹത്തെ ചൂഷണം ചെയ്യാൻ ഒരുങ്ങുകയാണ്‌ വിമാന കമ്പനികൾ. എയർ ബബിൾ കരാർ നില നിൽക്കുന്നതിനാൽ നാഷണൽ എയർലൈനുകൾ മാത്രമാണ്‌ നിലവിൽ സർവ്വീസ്‌ നടത്തുന്നത്‌. എയർബബിൾ കരാറിനൊപ്പം തന്നെ ബജറ്റ്‌ എയർലൈനുകൾക്കും അനുമതി നൽകിക്കൊണ്ട്‌ നേരത്തെ സർവീസ്‌ നടത്തിയിരുന്നു. ബജറ്റ്‌ എയർലൈനുകൾക്ക്‌ സർവീസ്‌ നടത്താനുള്ള ചട്ടം കൊണ്ടു വരാൻ കേന്ദ്ര സർക്കാർ മുൻകൈയെടുത്താൽ സ്വകാര്യ വിമാന കമ്പനികൾക്ക്‌ കൂടി മേഖലയിലേക്ക്‌ സർവ്വീസ്‌ പുനരാരംഭിക്കാൻ കഴിയുമെന്നിരിക്കെ, യാത്രക്കാരുടെ സാധാരണക്കാരായ പ്രവാസികൾക്ക്‌ മിതമായ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും. ഇക്കാര്യത്തിൽ അധികൃതർ നിസ്സംഗത വെടിഞ്ഞ്‌ പ്രവാസി സമൂഹത്തിനൊപ്പം നിൽക്കണമെന്നാണ്‌ പ്രവാസികളുടെ ആവശ്യം.

സ്കൂൾ തുറക്കാനുള്ള പദ്ധതികൾ കൂടി ഒമാൻ ഗവൺമന്റ്‌ ആലോചിക്കുന്നുണ്ട്‌ എന്ന വാർത്തകൾ അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കെ യാത്രാ നിരക്കിലുള്ള കുതിച്ചു കയറ്റം പ്രവാസികളെ സങ്കടത്തിലാക്കിയിരിക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിലുള്ള അലംബാവം വെടിയണമെന്നും റുവി കെ എം സി സി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *