ആകാശക്കൊള്ള : 500 റിയാൽ കടന്ന് വിമാന ടിക്കറ്റ് നിരക്ക്

കേരള സെക്ടറുകളിൽ നിന്ന് ഒമാനിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടുമുയർന്നു. സെപ്തംബർ ആദ്യ പകുതി കഴിഞ്ഞാലും നിരക്ക് കുറയില്ലെന്ന് സൂചന നൽകിയാണ് നിരക്ക് വർധന. തിരിച്ചുവരാൻ ആയിരങ്ങൾ കാത്തിരിക്കുന്ന ഘട്ടത്തിൽ വിമാന കമ്പനികളുടെ ആകാശക്കൊള്ള തുടരുകയാണ്.
സെപ്തംബർ അഞ്ചിന് കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് 581 റിയാലാണ് ഒമാൻ എയർ നിരക്ക്. സമീപ ദിവസങ്ങളിലും മറ്റു സെക്ടറുകളിൽ നിന്ന് മസ്‌കത്തിലേക്കുള്ള നിരക്കുകളും 250 റിയാലിനും 350 റിയാലിനും ഇടയിലാണ്. ആദ്യ ദിനങ്ങളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായിരുന്ന കണ്ണൂർ – മസ്‌കത്ത് റൂട്ടിലും ടിക്കറ്റിന് 266 റിയാലാണ് സെപ്തംബർ ആദ്യ വാരത്തിലെ നിരക്ക്.

വിമാന കമ്പനികളുടെ ആകാശക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകൾ ആവശ്യം ഉയർത്തിക്കഴിഞ്ഞു. കേരള, കേന്ദ്ര സർക്കാറുകൾ നിവേദനം നൽകിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള് വഴിയും പ്രതിഷേധം ശക്തമാണ്.

സലാല കെ എം സി സി

ഒരു വർഷത്തോളമായി പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അവസരം മുതലെടുത്തു ലാഭം കൊയ്യാനുള്ള എയർ ഇന്ത്യയുടെ ശ്രമം സർക്കാർ ഇടപെട്ട് തടയണമെന്ന് സലാല കെഎംസിസി ആവശ്യപ്പെട്ടു. പത്തു ലക്ഷത്തിലധികം പ്രവാസികളാണ് മാസങ്ങളോളമായി തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങി കിടക്കുന്നത്. പരിമിതമായ വിമാന സർവീസ് ഉള്ള ഗൾഫ് രാജ്യങ്ങളിൽ കൃത്യ സമയത്ത് എത്താൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥ നേരിടുമ്പോഴാണ് കിട്ടുന്ന ഒരു ടിക്കറ്റിനു ലക്ഷത്തിനടുത്ത് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇത് പ്രവാസികളോട് കാട്ടുന്ന ക്രൂരതയാണ്. കൂടുതൽ സർവീസ് അനുവദിച്ചു വിമാന ചാർജ്ജ് വർധന ഒഴിവാക്കി പ്രവാസികളെ സഹായിക്കാൻ കേരള സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും സലാല കെഎംസിസി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുവാൻ വേണ്ടി തീരുമാനിച്ചതായി സലാല കെ എം സി സി കേന്ദ്രകമ്മറ്റി ആവശ്യപ്പെട്ടു.

സോഷ്യൽ ഫോറം ഒമാൻ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന യാത്രാ വിലക്ക് ഒമാൻ മന്ത്രാലയം നീക്കിയതോടെ ഏറെ സന്തോഷത്തിലാണ് പ്രവാസികൾ. അതോടൊപ്പം ടിക്കറ്റ് നിരക്ക് വർധന പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കും. യാത്ര നിരോധനം മൂലം മാസങ്ങളോളം നാട്ടിൽ കുടിങ്ങിയ ചെറിയ വരുമാനക്കാരായവരെ വളരെ ഏറെ ബുന്ധിമുട്ടിലാക്കുന്ന രീതിയിലാണ് വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. നിലവിൽ 300 റിയലിനും മുകളിലാണ് ടിക്കറ്റ് നിരക്ക്. 72 മണിക്കൂർ മുൻപുള്ള പി സി ആർ ടെസ്റ്റ് ചിലവ് പുറമെ വരും. ഗൾഫ് സെക്ടറിലേക്ക് അധിക വിമാനങ്ങൾ അനുവദിച്ചു കൊണ്ട് നിലവിലെ തിരക്ക് ഒഴിവാക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കുവാനും സാധിക്കും. പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളും,ജനപ്രതിനിധികളും അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് സോഷ്യൽ ഫോറം ഒമാൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *