ഉത്രാട പാച്ചിലിൽ ഒമാൻ മലയാളികൾ : നാളെ തിരുവോണം

“ഓണം” മലയാളികളായ പ്രവാസികൾക്ക് ഒരു അനുഭൂതിയാണ്..ഈ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വേനലിലും കുളിരുള്ള ഓർമ്മകൾ നിറയ്ക്കുന്ന അനുഭൂതി.

ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങളെ അടുത്തറിയുകയേ വേണ്ടൂ. ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്.

കൊവിഡും സാമ്പത്തിക പരാധീനതകളും സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഓണത്തെ വരവേല്ക്കാനൊരുങ്ങുന്നത്. മാസങ്ങള് നീളാറുള്ള ഓണപ്പരിപാടികള് ഇത്തവണയുമില്ല. എങ്കിലും മലയാളികള്ക്ക് സന്തോഷക്കാഴ്ചകള് നല്കിക്കൊണ്ട് കസവുമുണ്ടും സാരിയുമണിഞ്ഞ മോഡല് രൂപങ്ങള് കടകളില് ഇടംപിടിച്ചുകഴിഞ്ഞു. ഓണ്ലൈനായി ഓര്ഡര് ചെയ്യൂ, സദ്യ ഞങ്ങള് വീട്ടിലെത്തിക്കാമെന്ന ഭക്ഷണശാലകളുടെ പരസ്യവാചകങ്ങളും എങ്ങും കാണാം.

ഒമാനിലെ ഹൈപ്പർ മാർക്കറ്റുകളിൽ ഓണച്ചന്ത സജീവമാണ്. ഒമാൻ മലയാളികൾ ഇന്ന് ഉത്രാട പാച്ചിലിൽ ആണ്. നാളെയാണ് തിരുവോണം. സദ്യ ഒരുക്കാൻ പച്ചക്കറികളും ഓണക്കോടിയും സജീവമായി വിൽപ്പന നടക്കുന്നു. സദ്യ ഒരുക്കാൻ കഴിയാത്തവർക്കായി റെഡി മൈഡ് ഓണസദ്യയുടെ ബുക്കിങ്ങും തകൃതി ആയി നടക്കുന്നു.

ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു സമ്മതിച്ചു. അപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു.

തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

കേരളത്തില്‍ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില്‍ തന്നെയാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണവും വന്നണയുന്നത്. ഇംഗ്ലീഷ് കലണ്ടറില്‍ ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. ‘ഓണക്കോടി’ എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കലാണ് ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കുന്നത്.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണം നാട്ടിലുള്ളവരെക്കാളും ഗംഭീരമായി ആഘോഷിക്കുന്നവരാണ് പ്രവാസികൾ. ചിങ്ങമാസത്തിലെ അത്തം തൊട്ടു തിരുവോണം വരെ പൂക്കളം ഇട്ടും തിരുവോണനാളിൽ കുടുംബാംഗങ്ങൾ തറവാട്ടിൽ ഒത്തുചേർന്നും ഓണസദ്യ ഒരുക്കിയും കേരളക്കരയാകെ ഓണം കൊണ്ടാടുമ്പോൾ പ്രവാസികൾക്കു ഇത് നാല്-അഞ്ചു മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ്. വിവിധ മലയാളി സൗഹൃദ കൂട്ടായ്മകൾ പൊതു അവധി ദിവസങ്ങളിൽ മാത്രം നടത്തുന്ന ഒരു ആഘോഷം. നാട്ടിലെ ഓണത്തിന്റെ അതേ പ്രതീതി പരമാവധി പ്രവാസ ലോകത്തു കൊണ്ടുവരാൻ  ശ്രമിക്കുന്ന ഒത്തുചേരലുകൾ ആണിവ. പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ഓരോ വ്യക്തികൾക്കും ഇതുവഴി സാധിക്കുന്നു.

ബർകയിൽ ഫാം ഹൗസുകളിൽ ഒത്തു ചേർന്ന് ഓണം ആഘോഷിച്ചിരുന്ന മസ്‌കറ്റിലെ മലയാളികൾ ഇത്തവണയും വീടിനുള്ളിൽ ഒതുങ്ങി കുടുംബത്തോടൊപ്പം മാത്രം ഓണം ആഘോഷിക്കേണ്ടി വരും.

സംഘടനാ കാര്യാലയങ്ങളിലെയും ബാച്ചിലര് മുറികളിലെയും ഒത്തുചേരലുകളും ആഘോഷങ്ങളും ഇത്തവണയുണ്ടാവില്ല. ഒന്നിച്ചിരുന്നുള്ള ഓണസദ്യ ഇത്തവണയും മലയാളികള്ക്ക് ഒഴിവാക്കിയേ തീരു. രണ്ട് തവണ നാട്ടിലെ പ്രളയവും കഴിഞ്ഞ വര്ഷം കൊവിഡും കാരണം ആഘോഷങ്ങളോട് മാനസികമായ അകലം പാലിച്ചവരാണ് പ്രവാസികള്. ഇത്തവണയും ആഘോഷങ്ങളോട് അകലം പാലിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണ്.

Leave a Reply

Your email address will not be published. Required fields are marked *