അയാൾ

ചെറുകഥ
രചന :- അബ്ദുൽകരിം ചൈതന്യ

ഒരു മിന്നായം പോലെ വീട്ടിലേക്കു വന്നു കയറി ക്ഷണനേരം കൊണ്ട് സ്റ്റാൻഡിൽ കിടന്ന പാന്റും ഷർട്ടും ഒരു പ്ലാസ്റ്റിക് കിറ്റിൽ ആക്കി അയാൾ പുറത്തേക്കു ഇറങ്ങു കയും ചെയ്തു. തിണ്ണയിലിരുന്ന അമ്മ “മോനെ നീ എപ്പോഴാ അകത്തേക്ക് കേറി പോയത്.”..”ദേ അവിടെ ചോറ് വിളമ്പി വെച്ചിരിക്കുന്നു….”അമ്മ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ പടികടന്നു ഇടവഴയിലേക്ക് ഇറങ്ങി.

“എടാ മോനെ വിളമ്പി വെച്ച ചോറ് കഴിച്ചിട്ട് പൊയ്ക്കൂടേ “..ഈ സമയം അയാൾ വഴിയിലെ ഇരുളിൽ നടന്നു മറഞ്ഞു.
ഇടവഴിയുടെ ഓരങ്ങളിൽ തിങ്ങി നിൽക്കുന്ന കൈതയും കൊങ്ങിണി പടർപ്പുകളും ….. ഇടതൂർന്ന്‌ നിൽക്കുന്ന കൊതി പുല്ലുകളും എല്ലാം കൂടി അവക്ക് പുറകിലെ വീടുകളിൽ നിന്നു ഇറങ്ങി വന്ന പ്രകാശത്തെ തടഞ്ഞു നിർത്തി.
അയാൾ വല്ലാതെ വിയർക്കുന്നുണ്ട്. ചെവി ക്കുള്ളിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ചീവീടിന്റെ കീറൽ അയാൾ അറിയുന്നേയില്ല …കട്ടപിടിച്ച ഇരുട്ടിൽ അങ്ങിങ്ങു ചില മിന്നാമിനുങ്ങുകൾ മിന്നിമറയുന്നത് കാണാം പിന്നിൽ എന്തോ ഞെരിഞ്ഞു അമരുന്ന ശബ്ദം.ആരോ തന്നെ പിന്തുടരുന്നു…എന്ന് ഒരു തോന്നൽ …. അയാൾ ചെവി കൊടുത്തു ഇല്ല…..കരിയിലകളെ ചവിട്ടി അരച്ച് കാലുകൾ നീട്ടി അയാൾ നടന്നു.തിരിഞ്ഞു നോക്കാതെ…. ഇപ്പോൾ അയാൾ ഏതാണ്ട് വിയർപ്പിൽ കുളിച്ച പോലെ ആയി.നെറ്റിയിലെ വിയർപ്പ് ഇടയ്ക്കിടെ കൈവിരലുകൾ ക്കൊണ്ട് വടിച്ചു നീക്കികൊണ്ടിരുന്നു..

പാലച്ചുവട് കവലയിൽ എത്താനാണ് പറഞ്ഞത്.അയാൾ ഒരിക്കൽ കൂടി ഓർത്തു.ഇരുളിന്റെ ഇടവഴി നടന്നു തീരുന്നു… മെയിൻ റോഡിലൂടെ നടക്കുമ്പോൾ എതിർ ദിശയിൽ വരുന്ന വാഹനങ്ങളുടെ പ്രകാശ സൂചി കൾ കണ്ണിൽ തുളച്ചു കേറുന്നു.നടപ്പിന് ഇപ്പോൾ വേഗത കൂടിയത് പോലെ.അതു കൊണ്ടുതന്നെ അയാൾ വല്ലാതെ കിതക്കുന്നുമുണ്ട്.പ്രകാശം പരത്തി വാഹനങ്ങൾ വരുമ്പോൾ കയ്യിലെ പ്ലാസ്റ്റിക് കിറ്റ് കൊണ്ട് മുഖം പാതി മറച്ചു പിടിക്കാൻ അയാൾ ശ്രമിച്ചിരുന്നു.
പാലച്ചുവട് കവലയിലെ മങ്ങിയ ഇരുട്ടുള്ള സ്ഥലത്തേക്ക് അയാൾ മാറി നിന്നു.
തെക്കു ഭാഗത്തു നിന്നു വന്ന ഒരു പോലീസ് ജീപ്പ് ആ കവലയിൽ എത്തി ചവിട്ടി നിർത്തി…..അയാൾ ഞെട്ടി വിറങ്ങലിച്ചു..തൊണ്ടയിൽ ശേഷിച്ച ചെറിയ ഉറവയും വറ്റി വരണ്ടു…ജീപ്പിൽ നിന്നു രണ്ടു പോലീസ് തലകൾ പുറത്തേക്കു നീട്ടി ചുറ്റും നിരീക്ഷണം നടത്തി…. അവർ കടന്നുപോയി.ഒരു നെടു നിശ്വാസത്തോടെ അയാൾ അല്പവെളിച്ചത്തിലേക്കു നീങ്ങി നിന്നു.അപ്പോൾ അയാളുടെ ഹൃദയ മിടിപ്പ് സാധാരണയിൽ അധികമായിരുന്നു.
ഈ സമയം ഒരു വെള്ള ഇന്നോവ കാർ വന്നു അവിടെ നിന്നു. “കയറിക്കോളൂ “ഡോർ തുറന്നു കൊണ്ട് കാറിനകത്തു ഇരുന്നയാൾ പറഞ്ഞു.അയാൾ കാറിൽകയറി.കാറിനുള്ളിൽ വെളിച്ചം നിഷേധിച്ചിരുന്നു.

“താൻ എന്താ വല്ലാതെ ഭയപ്പെട്ടോ “..”പേടിക്കാനൊന്നുമില്ലടോ “
കാറിലിരുന്നായാൾ അയാളോടായി പറഞ്ഞു..
കുറച്ചുകൂടി അയാളോട് അടുത്തിരുന്നിട്ട് പതിയെ ചോദിച്ചു “പണി കറക്റ്റല്ലേ…തീർത്തി ട്ടുണ്ടല്ലോ..അല്ലേ “..അയാൾ മറുപടി ഒന്നും പറഞ്ഞില്ല…ഉവ്വ് എന്ന് അയാൾ തലയാട്ടിയോ എന്ന് ആ മങ്ങിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞില്ല.”ഇതു കയ്യിൽ ഇരിക്കട്ടെ വട്ടചെലവിന് വേണ്ടിവരും “എന്ന് പറഞ്ഞുകൊണ്ട് കാറിൽ ഇരുന്നായാൾ ഒരു കവർ അയാളുടെ പോക്കറ്റിൽ വെച്ച് കൊടുത്തു.കാറിന്റെ വേഗത കൂടി….അപ്പോഴും അയാളുടെ ശ്വാസഗതി അതിന്റെ താളത്തിൽ ആയിരുന്നില്ല.
കാർ നിന്നു “ശരി ഇവിടെ ഇറങ്ങിക്കോളൂ “കാറിൽ ഇരുന്നയാൾ പറഞ്ഞു.”പിന്നെ ഫോണിൽ ആരേയും അങ്ങിനെ വിളിക്കേണ്ട “കേട്ടോ …”ശരി ട്രെയിന് സമയം ആയിട്ടുണ്ട്‌…”.
ആ ഇന്നോവ കാർ എങ്ങോട്ടോ പാഞ്ഞു പോയി…..

ചിതറി തെറിച്ച മനസോടെ അയാൾ ട്രെയിനിൽ കയറി.യാത്രക്കാർ നല്ല ഉറക്കത്തിലാണ്….അപ്പർ ബെർതിൽ കയറി കയ്യിലെ പ്ലാസ്റ്റിക് കിറ്റിൽ മുഖം അമർത്തി അയാൾ കിടന്നു.

കഴിഞ്ഞ രണ്ടു ദിവസവും ഒരു ലക്ഷ്യവുമില്ലാതെ അലയുകയായിരുന്നു.വിശപ്പ് നിർത്തി ദാഹം അകറ്റി നടന്നു.
മൂന്നാം ദിവസം ജോലി തെണ്ടൽ അയാളെ ഒരു കോൾഡ് സ്റ്റോറേജിന്റെ മുന്നിൽ എത്തിച്ചു…..”ഇവിടെത്തെ പണിക്കാരൻ നാട്ടിൽ പോയി..അവൻ വരുന്നത് വരെ നിനക്ക് വേണമെങ്കിൽ നിൽക്കാം” കട ഉടമ പറഞ്ഞു.

മേശപ്പുറത്തു ഒരു വലിയ സ്രാവിനെ ഇട്ടുകൊടുത്തിട്ടു ഉടമ പറഞ്ഞു “ഇതു കറിക്കു വേണ്ടി
ചെറിയ പീസ് ആക്കി മുറിച്ചു എടുക്കണം “.അയാൾ തലയാട്ടി.മൂർച്ചയേറിയ ഒരു കത്തി അയാൾ കയ്യിലെടുത്തു…..സ്രാവിന്റെ ചങ്കിൽ കുത്തിയിറക്കുവാൻ അയാൾ കത്തി ഉയർത്തി….…..അയാളുടെ കൈവല്ലാതെ വിറക്കുന്നു..
നെറ്റിയിൽ വിയർപ്പ് കിളിർത്തുവന്നു.….മൂർച്ച യുള്ള ആ കത്തിയിൽ തന്നെ അയാളുടെ കണ്ണ് തറച്ചു നിന്നു…..നിമിഷങ്ളോളം ഒരേ നിൽപ്പ്….കടയുടമ അയാളെ നോക്കി പറഞ്ഞു ” ങ്ങാ നീ ആദ്യായിട്ടാ കത്തി എടുക്കണ അല്ലേ…” “രണ്ടു ദിവസം കഴിയുമ്പം നിനക്ക് കൈ വിറക്കാതെ പണി എടുക്കാം.”
…….ഇതു തന്നെയല്ലേ ആ കാറിൽ വന്നയാളും പറഞ്ഞത് അയാൾ ഓർത്തു….” ആദ്യ മായിട്ടാണ്..കുറച്ചുകഴിയുമ്പോനിന്റെ പേടിയും അറപ്പുംഒക്കെ മാറിക്കിട്ടുമെന്ന്…” ആ വാക്കുകൾ പാറക്കൂട്ടങ്ങൾക്ക്ഇടയിൽ നിന്നു തെറിച്ചു വരുന്ന
മാറ്റൊലി പോലെ അയാളുടെ ചെവിയിൽ മുഴങ്ങി നിന്നു.

അയാളുടെ കൺപ്പോളകൾ ഇടഞ്ഞു നിന്ന രണ്ടു രാവുകൾ കൂടി അസ്തമിച്ചു…….മൂന്നാം രാവിനുള്ളിലെ ഇരുട്ടിൽ പ്രഭാതത്തെ കാത്തിരി ക്കുമ്പോൾ …..ഒരു ഫോൺ കാൾ….അയ്യാൾ വേഗത്തിൽഫോൺ എടുത്തു…. അമ്മയുടെ ചിരിക്കുന്ന മുഖം അതിൽ തെളിഞ്ഞു കണ്ടു….സാവധാനം ഫോൺ ചെവിയോട് ചേർത്തു…സ്വരം താഴ്ത്തി അയാൾ പറഞ്ഞു…ഹലോ
ഹലോ എടാ… ഇതു….ഞാൻ മുകേഷാ….നീ ഇപ്പോൾ എവിടാ…അയാൾ സ്ഥലം പറഞ്ഞില്ല…”എന്താ മുകേഷേ വിശേഷം “….
മുകേഷിന്റെ പതറിയ സ്വരത്തിലുള്ള മറുപടി “എടാ നിന്റെ അമ്മക്ക് സുഖമില്ല…ഇപ്പഴത്തെ പുതിയ അസുഖാ..മെഡിക്കൽ കോളേജിൽ icu വിലാ…….
അയാൾ ഒന്നും മറുപടി പറയാൻ കഴിയാതെ കുറച്ചു സമയം നിന്നു..പിന്നെ ഫോൺ താഴെ വെച്ചു…വീണ്ടും അയാൾ ഫോൺ എടുത്തു ഓൺ ചെയ്തു….അതിൽ അമ്മയുടെ പുഞ്ചിരിക്കുന്ന ആ മുഖംനോക്കി എത്ര സമയംഇരുന്നു എന്നറിയില്ല….ഭിത്തിൽ തൂക്കിയിരുന്നു പ്ലാസ്റ്റിക് സഞ്ചിയും എടുത്തു അയാൾ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു…

വീട്ടിലേക്കുള്ള ഇടവഴിയിൽ എത്തുമ്പോഴും ആരെയും കാണുന്നില്ല…കൊങ്ങിണി പൂക്കളിൽ ചുറ്റിക്കളിക്കുന്ന കുറെ ശലഭങ്ങൾ മാത്രം..വളവ് തിരിഞ്ഞ് ചെല്ലുമ്പോൾ വീട്ടുമിറ്റത്തു കുറച്ചുപേർ നിൽക്കുന്നുണ്ട് വീടിനു പുറകിൽ ചിതക്കുള്ള ഒരുക്കങ്ങൾ…..അമ്മയുടെ ചേതനയറ്റ ശരീരം ചിതയിൽ വെക്കുന്നു……
സുരക്ഷാ കവചം ധരിച്ച നിന്നിരുന്ന ഒരാൾ ചിതക്കു തീ പകർന്നു……..
വീടിനു പിന്നിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ആയാളുടെ കണ്ണുകൾ നിറഞൊഴുകി.,..മുകേഷ് അയാളോട് പറഞ്ഞു “ദാ ഈ വരുന്ന സുധീറാണ് ചിതക്കു തീ പകർന്നത്….”അയാൾ സുധീറിനെ നോക്കി മൗനിയായി നിന്നു.സുധീർ അയാളെ തന്റെ വീട്ടിലേക്കു വിളിച്ചുകൊണ്ടു പോകുമ്പോൾ അയാളുടെ ഉള്ളിൽ എന്തോ ഭയം നിറയുന്നപോലെ….വീട്ടിൽ എത്തുമ്പോഴും അയാളുടെ നാവു ചലിച്ചില്ല…..വീട്ടിനുള്ളിൽ കയറുവാൻവെക്കുന്ന കാലുകൾ പിന്നോട്ട് വലിക്കും പോലെ…”ഉമ്മാ ഇതു ആരാണെന്നു അറിയുമോ…”സുധീർ ഉമ്മയോട് ചോദിച്ചു.അയാൾ ഞെട്ടി തിരിഞ്ഞു…ഉള്ളിൽ ഒരു ആന്തൽ…”ഇപ്പൊ ഞങ്ങൾ ശവദാഹം നടത്തിയ ഭവാനി അമ്മ യുടെ മകനാ “
“എന്റെ റബ്ബേ….അപ്പൊ ഓന്റെ അച്ഛനാ നമ്മടെ മുനീറിനെ ആശുപത്രിയിൽ കോന് ടോയത് “….മോനിരിക്കു അവർ അയാളെ പിടിച്ചു കസേരയിൽ ഇരുത്തി പറഞ്ഞു .”അന്ന് മോന്റെ അച്ഛൻ പണിയും കഴിഞ്ഞു വരുമ്പഴാ എന്റെ മുനീർ കുത്തേറ്റു അബടെ ചോരെ കുളിച്ചു കെടക്കണ കണ്ടത്…..ആരാ കുത്തിയേ ന്ന് ഇതുബരെ ആരിക്കും അറിയൂല….പടച്ചോൻ കാത്ത് അവനു ഭേതായി… മുനീർമോൻ നാളെ അശോത്രീന്ന് ബരും “കേ ട്ടിരുന്ന
അയാളുടെ കണ്ണുകൾ നിറഞ്ഞു….എന്റെ ഉമ്മാ…. ആ നീചൻ ഈ ഞാനാണെന്ന് പറയുവാൻ അയാൾ കസേരയിൽ നിന്നു എഴുന്നേറ്റു…പക്ഷേ …വറ്റി …വരണ്ടു ഉണങ്ങിയ അയാളുടെ തൊണ്ടയിൽ നിന്നു വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല….
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

അബ്ദുൽകരിം ചൈതന്യ
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

Leave a Reply

Your email address will not be published. Required fields are marked *