കിളിച്ചുണ്ടൻ മാവിൽ പെയ്ത മഴ
രചന, അവതരണം
അബ്ദുൽകരിം ചൈതന്യ
അന്ന് ഒരു മഴ ദിവസം ആയിരുന്നു.എന്തൊരു മഴ..
തുള്ളിക്ക് ഒരുകുടം എന്ന്
കേട്ടിട്ടേയുള്ളൂ…….ഇന്നലെ
അർദ്ധരാത്രി തുടങ്ങിയ മഴയാ….ഇപ്പോഴും തോർന്നിട്ടില്ല.മുറ്റത്തു പെയ്യുന്നതിനേക്കാൾ കൂടുതൽ ആ നാലുകെട്ടിനുള്ളിൽ പെയ്യുന്നുണ്ട്.
പൂമുഖത്തു നിന്നു നേരെ കയറി
ചെല്ലുന്നതു ഇരുൾ മൂടി കിടക്കുന്ന ആ മുറിയിലേക്കാണ്.മേൽക്കൂരയിലെ നിരതെറ്റിയ ഓടുകൾക്കിടയിൽ നിന്നു കരി
പുരണ്ട ഭീത്തിയിലൂടെ ചാലിട്ടോഴുകുന്ന മഴ വെള്ളം
തറയിലെ പൊട്ടിലും പൊത്തി ലും തളം കെട്ടിനിൽ കുന്നു.
പരമേശ്വര കുറുപ്പ്….കുറുപ്പ് ആശാൻ എന്ന് ഞങ്ങൾ വിളിക്കും.ആശാൻ എന്ന് മാത്രം വിളിക്കുന്നതാ അദ്ദേഹത്തിന് ഇഷ്ടം.ആ വീടിന്റെ മൂലയിൽ ഒരു പഴകിയ ഒരു ബോർഡ് കണ്ടില്ലേ
“പി.പരമേശ്വര കുറുപ്പ്
സ്റ്റാമ്പ് വെണ്ടർ “എന്ന്…
ആ പണി നിന്നിട്ടു വർഷം പത്തു കഴിഞ്ഞു..
വൈകുന്നേരങ്ങൾ കുറുപ്പ് ആശാനും ഖാദർ കുട്ടിയും
സമയം ചിലവഴിക്കാൻ ആ
പൊതു കുളത്തിന്റെ അരമതി ലിൽ ഇരിക്കും..നാലു വർഷം
മുൻപ് അഞ്ചാറു ലക്ഷം മുടക്കി നവീകരിച്ച കുളം….
ഉത്ഘാടനം കഴിഞ്ഞു അവർ
അതിലിറങ്ങി കയ്യും കാലും കഴുകി
പോയതാ..പിന്നെ ഒരു കാക്ക
പോലും കുളിക്കാൻ ഇങ്ങോട്ട്
തിരിഞ്ഞു നോക്കിയിട്ടില്ല……ഭൂമി മലയാളത്തിലെ എല്ലാ വർത്തമാനങ്ങളും അവർ
പറയും.ചില സായാന്നങ്ങൾ ആശാന്റെ
മഴ കവിതകൾ കൊണ്ട് ധന്യമാക്കും
ആശാൻ ആരേയും എന്തിനേയും മുഖം
നോക്കാതെ വിമർശിക്കും
അതുകൊണ്ട് തന്നെ ആശാന് എതിരാളികളുടെ എണ്ണവും കൂടുതലായിരുന്നു.
അന്ന് വൈകുന്നേരം ഖാദർ ഇക്ക വീട്ടിൽ നിന്നു ഒരു സഞ്ചി
നിറയെ മാമ്പഴയുമായിട്ടാണ്
വന്നത്.അതു ആശാന് കൊടുത്തു കൊണ്ട് പറഞ്ഞു
“ഇതു കുറച്ചു കിളിച്ചുണ്ടൻ
മാമ്പഴം വീട്ടിലുണ്ടായതാ
നല്ല മധുരാ…”
“എന്റെ വീട്ടിലും ഉണ്ടടോ ഒരു
മാവ്..ആകാശം മുട്ടെ വളർന്നു…..
ഒരു കാര്യവുമില്ല..
ഇനി എന്റെ പട്ടടയിൽ വെക്കാനേ ഉപകരിക്കൂ “.,..
ഒരു ദീർഘ നിശ്വാസത്തോടെ
ആശാൻ പറഞ്ഞു നിർത്തി.
കുറുപ്പ് ആശാൻ ഉടുത്തു പഴകിയ ആ കറുത്ത കരയുള്ള ഖാദർ മുണ്ട് കൊണ്ടാണ്
അദ്ദേഹത്തെ പുതപ്പിച്ചിരിക്കുന്നത്.
വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന കട്ടിൽ
നനയാതിരിക്കാൻ പല തവണ
സ്ഥാനം മാറ്റി മാറ്റി ഇട്ടു.
മക്കളും ബന്ധുക്കളും എത്തുന്നതിനു മുൻപേ
മഴ എത്തിയിരുന്നു.അങ്ങനെയല്ലേ വേണ്ടത്.കുറുപ്പ് ആശാൻ
മഴയെ അത്രയധികം സ്നേഹിച്ചിരുന്ന ആളല്ലേ..
ആശാന്റെ സന്തോഷവും ദുഖവും പങ്ക് വെച്ച ജീവിത പങ്കാളി സരസ്വതി അമ്മ…മുഷിഞ്ഞ മുണ്ടും നരച്ച ജെമ്പറും ഇട്ട ഒരു ഉണങ്ങിയ മരക്കൊള്ളി പോലെ കരിപുരണ്ട ഭിത്തിയിൽ ചാരിയിരിക്കുന്നു…
ആ ഭിത്തിയിൽ
ഒട്ടിച്ചുവെച്ച ഒരു പഴയ ചിത്രം കണക്കെ .ആ കുഴിഞ്ഞ കണ്ണുകളിൽ കണ്ണീരില്ല….
വറ്റി ഉണങ്ങിയ ഉറവ പോലെ…
താലോലിച്ചു വളർത്തിയ മൂന്ന്
മക്കൾ..ഉഷയും ഉമയും ഉണ്ണികൃഷ്ണനും.
കേട്ടും അറിഞ്ഞും വന്നവർ
മുറ്റത്തും തൊടിയിലും…..അവർ ക്കിടയിലൂടെ ഖാദർ ഇക്ക തിരക്ക് പിടിച്ച് എന്തിനൊക്കെയോ
വേണ്ടി ഓടി നടക്കുന്നു.
കരക്കാരും കരയോഗക്കാരും എത്തി തുടങ്ങി.
“എപ്പഴാ എടുക്കുക….ഉണ്ണി വന്നില്ലേ “…..ചോദ്യത്തിനും
മറുപടിക്കും ഇടയിൽ ചെറിയ
ഒരു മഴ ചാറ്റൽ…..അപ്പോൾ
കർമ്മിയും സഹായിയും വന്നു.
പിന്നാലെ ഉറക്കെ കരഞ്ഞുകൊണ്ട് ഉഷയും.
എന്റെ അച്ഛാ എന്ന് അലറി വിളിച്ചു ഉമയും പിന്നാലെ ഭർത്താക്കമ്മാരും.മഴ മാറുന്നു….മാനം തെളിയുന്നു.
മരുമക്കൾ പുറത്തിറങ്ങി സ്ഥലത്തിന്റെ വിസ്തീര്നവും
മൂല്യവും നിശ്ചയിക്കുന്നു……
“ദാ ഉണ്ണി വന്നല്ലോ…”ആരോ
പറയുന്നത് കേട്ടു.
ഉണ്ണി അകത്തേക്ക് കയറി..
പിറകെ ഭാര്യയും.കുറച്ചു കഴിഞ്ഞു കണ്ണുകൾ തുടച്ചു
ഉണ്ണി പുറത്തേക്കു വന്നു..കൂടെ ഭാര്യയും.
“മഴ മാറിയിട്ടുണ്ട് ഇനി മാവ്
മുറിക്കാം “കരയോഗം സെക്രട്ടറി പറഞ്ഞു….രാമൻകുട്ടി മഴുവും
വടവും എടുത്തു മാവിൻ ചുവട്ടിലേക്കു നടക്കുമ്പോൾ
പിന്നിൽ നിന്ന ഉണ്ണിയുടെ ഭാര്യ
എന്തോ ഉണ്ണിയുടെ കാതിൽ
മന്ത്രിച്ചു.
മാവിന്റെ കടക്കൽ വെട്ടാ നായി മഴു ഉയർന്നു പൊങ്ങി.
“വേണ്ട…..ഈ മാവ് മുറിക്കേണ്ട “ഉണ്ണി കുറച്ചു
ഉച്ചത്തിൽ പറഞ്ഞു.
“ഇതു ഞാൻ ഒരാൾക്ക് വിറ്റിരിക്കുകയാണ്…”
കൂടി നിന്നവർ പരസ്പരം നോക്കി..നിശബ്ദരായി നിന്നു പോയി.ആരും ഒന്നും പറയുന്നില്ല…..
അപ്പോഴാണ് ഖാദർ കുട്ടി
മുന്നോട്ട് വന്നത്.”ഈ പറമ്പിൽ
ഇനി വേറേ മാവില്ലല്ലോ…..
“രാമൻകുട്ടീ നീ വാ “എന്നു പറഞ്ഞു ഖാദർ കുട്ടി
തന്റെ മുറ്റത്തെ മാവ് ചൂണ്ടികാട്ടി….
മൂർച്ചയേറിയ മഴു ആ മാവിന്റെ കടക്കൽ ആഞ്ഞു
പതിച്ചപ്പോൾ നിറയെ കിളിച്ചുണ്ടൻ മാങ്ങയുമായി
തലകുനിച്ചു നിന്നിരുന്ന മാവിൻ കൊമ്പുകളിൽ നിന്നു
നക്ഷത്ര തിളക്കമുള്ള വെള്ള തുള്ളികൾ ഒരു മഴയായി പെയ്യാൻ തുടങ്ങി…
***********
അബ്ദുൽകരിം
ചൈതന്യ.