കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവശ്യ മെഡിക്കൽ സാധനങ്ങൾ എത്തിക്കാനായി ഒമാനിലെ പ്രവാസി മലയാളികളും കൈകോർക്കുന്നു.
സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ പെട്ട നാൽപതോളം പ്രമുഖരാണ് ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ വസ്തുക്കൾ നാട്ടിലെത്തിക്കാനും മറ്റുമായി കെയർ ഫോർ കേരള എന്ന കുടക്കീഴിൽ നോർക്ക പ്രവാസി ക്ഷേമനിധി ഡയറക്ടർ പി എം ജാബിറിന്റെ നേതൃത്വത്തിൽ ഒത്തുചേരുന്നത്.
ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന നൽകുക. അവ ഏതൊക്കെ എന്നു നിശ്ചയിക്കുന്നതിനും സംഭരിക്കുന്നതിനും എത്തിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു നിർദ്ദേശം നൽകുന്നതിനു ഉന്നതതല കമ്മിറ്റി പ്രവർത്തന നിരതമാണ്.
നിലവിലുള്ള ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ, ജീവൻരക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഇറക്കുമതിയിൽ ഉള്ള നിയന്ത്രണങ്ങളും നികുതിയും ഒഴിവാക്കി കൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെയും പ്രവാസ സംഘടനകളുടെയും സഹകരണത്തോടെ കേരള സർക്കാർ നോർക്കാ റൂട്ട്സു മുഖേനെ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് കെയർ ഫോർ കേരള.
കേരളത്തിലേക്ക് അടിയന്തിരമായി ആവശ്യമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ പൊതുജന പങ്കാളിത്തത്തോടെ സർക്കാരിലേക്ക് നേരിട്ട് എത്തിക്കുവാൻ തക്കതായ പ്രോജക്ടുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യക്തികൾക്കും ചെറിയ കൂട്ടായ്മകൾക്കും മുതൽ വിവിധ പ്രവാസി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പങ്കു ചേരാവുന്ന വിധത്തിൽ ചെറുതും വലുതുമായ പ്രോജക്റ്റുകൾ കെയർ ഫോർ കേരളയിൽ ആവിഷ്കരിച്ചിട്ടുണ്ട് എന്നു നോർക്ക റൂട്സ് ഡയറക്ടർ ശ്രീ ഒ വി മുസ്‌തഫ അറിയിച്ചു. നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ ശ്രീ വരദരാജനാണ് ഈ പ്രൊജക്റ്റ് സംബന്ധമായ കേരളത്തിലെ ഏകോപന ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിവരുന്നത്.
ഇതിനാവശ്യമായ മീഡിയാ പ്രചരണത്തിന് ഒമാനിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (IMF) സഹായിക്കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തിൻ്റെ ചുമതല മസ്‌കറ്റ് മലയാളീസ് എന്ന സമൂഹ മാധ്യമ കൂട്ടായ്മ ഏറ്റെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക –
ടീം ഒമാൻ – കെയർ ഫോർ കേരള
WhatsApp: + 968 99335751

Leave a Reply

Your email address will not be published. Required fields are marked *