ഷമീർ പി ടി കെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്നു

2017 നവംബർ 16നാണ് പാലക്കാട് പട്ടാമ്പി തണ്ണീർകോട് സ്വദേശി ചീരാംപറമ്പിൽ സമദ് ഒമാനിലെ സിനാവിൽ വെച്ച് അപകത്തിൽ പെട്ടത്. സിനാവിൽ തയ്യൽ കടയിൽ ജോലി ചെയ്‌തിരുന്ന സമദ് കാൽനടയായി ജോലിസ്ഥലത്ത് നിന്നും പോകുമ്പോൾ പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സമദിനെ ആദ്യം സിനാവ് ഹോസ്പിറ്റലിലും വിദഗ്ദ ചികിത്സക്കായി പിന്നീട് ഖൗല ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിലും സാരമായി പരുക്കേറ്റ സമദ് മൂന്ന് മാസത്തിലധികം ഖൗല ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വെന്റിലെറ്ററിന്റെ സഹായത്തോടെയായിരുന്നു ആദ്യത്തെ ഒരു മാസം ജീവൻ നിലനിർത്തിയത്. നൂറ് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം സമദിനെ 2018 ഫെബ്രുവരി 27 ന് സ്‌ട്രെച്ചർ സഹായത്തിൽ ഡോക്ടർ, നഴ്സ് അകമ്പടിയോടെ തുടർ ചികിത്സക്കായി മംഗലാപുരത്തെ യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ബദർ സമ ഹോസ്‌പിറ്റൽ മാനേജ്‌മെന്റാണ് സൗജന്യമായി ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം വിട്ടു തന്നത്

അപകടത്തിൽ സാരമായി പരിക്കേറ്റ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പോരാടുന്ന സമദിന് ഇൻഷുറൻസ് കമ്പനിയിൽ നിന്നും അർഹമായ നഷ്ടപരിഹാരം നേടിയെടുക്കുവാനല്ല നിയമ പോരാട്ടമായിരുന്നു പിന്നീടങ്ങോട്ടുള്ള രണ്ടര വർഷക്കാലം. പ്രൈമറി കോർട്ടിൽ നിന്നും 07/11/2018 ന് നഷ്ടപരിഹാരമായി വിധിച്ചത് 16,900 റിയാലായിരുന്നു. ഏകദേശം മുപ്പത്തി മൂന്ന് ലക്ഷം രൂപയോളം. നഷ്ട പരിഹാര തുക കൂടുതലാണെന്ന് പറഞ്ഞു കൊണ്ട് ഇൻഷുറൻസ് കമ്പനിയും കുറഞ്ഞു പോയി എന്ന് പറഞ്ഞു നമ്മളും അപ്പീൽ കോടതിയെ സമീപിച്ചു. 20/01/2019 ന് അപ്പീൽ കോടതി നഷ്ടപരിഹാരം 56,900 റിയാലായി (ഒരു കോടി പത്ത് ലക്ഷം രൂപയോളം) ഉയർത്തി കൊണ്ട് ഉത്തരവിട്ടു.

അപ്പീൽ കോടതി വിധിച്ച തുകയും അപര്യാപ്തമാണെന്ന് പറഞ്ഞു കൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. 09/02/2020 ന് നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് സുപ്രിം കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് വീണ്ടും അപ്പീൽ കോടതിയുടെ പരിഗണനയിലേക്ക് അയച്ചു. അപ്പീൽ കോടതി 16/11/2020 ന് നഷ്ടപരിഹാര തുക 105,750 റിയാലായി (രണ്ട് കോടി രൂപ) ഉയർത്തികൊണ്ട് വിധി പറഞ്ഞു

യൂണിറ്റി ആശുപത്രിയിലെ ചികിത്സയെ തുടർന്ന് സമദിന് നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും പരസഹായമില്ലാതെ ഇന്നും എഴുന്നേറ്റ് നടക്കുവാനോ സ്വന്തം കാര്യങ്ങൾ ചെയ്യുവാനോ സാധിക്കുന്നില്ല. മൂന്ന് വര്ഷം വൈകി വന്ന നഷ്ടപരിഹാരമാണെങ്കിലും തുടർചികിത്സക്കും മറ്റും ബുദ്ധിമുട്ടുന്ന സമദിനും കുടുംബത്തിനും ഈ വിധി ആശ്വാസമാകുമെന്നത് തീർച്ചയാണ്

നിയമ പോരാട്ടങ്ങൾക്ക് കേരള സർക്കാരിന്റെ നോർക്ക ലീഗൽ കൺസൾട്ടന്റും ഇന്ത്യൻ എംബസ്സി പാനൽ അഭിഭാഷകനുമായ അഡ്വക്കേറ്റ് ഗിരീഷ് കുമാറിന്റെ മേൽനോട്ടത്തിൽ ഹസ്സൻ മുഹ്‌സിൻ അബ്ദുൽ ഗനി ലീഗൽ കൺസൾന്റിലെ അഭിഭാഷകരാണ് നേതൃത്വം കൊടുത്തത്

ആരോഗ്യം വീണ്ടെടുത്ത് സമദ് സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗത്തിൽ മടങ്ങി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *