ഗിരിജാ വല്ലഭൻ സാർ ഈ നഗരസഭയിൽ സെക്രട്ടറിയായി വന്നിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ. എല്ലാ ദിവസവും ഒരു മണിക്കൂർ ട്രെയിൻ യാത്ര കഴിഞ്ഞ് ഒരു ഓട്ടോ പിടിച്ച് അദ്ദേഹം പതിനൊന്നു മണിക്ക് തന്നെ ഓഫീസിൽ എത്തും. എന്നും ഒരു കറുത്ത് തടിച്ച ബാഗ് അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
ഗിരിജാ വല്ലഭൻ സാർ സുമുഖനാണ് സുന്ദരനാണ് സുസ്മേരവദനനുമാണ് മുഖം എപ്പോഴും കയ്യിൽ കരുതിയിരിക്കുന്ന കർച്ചീഫ് എടുത്ത് തുടച്ച് മിനുക്കി കൊണ്ടിരിക്കും .ഒരു പൊടിയോ ഒരു തുള്ളി വിയർപ്പോ അദ്ദേഹം സമ്മതിക്കില്ല.. വല്ലവൻ സാർ അടുത്തുവരുമ്പോൾ നല്ല പോൺസ് പൗഡർറിന്റെ മണം …. ജീവനക്കാർക്ക് അദ്ദേഹത്തോട് തികഞ്ഞ സ്നേഹവും ബഹുമാനവും ആണ് …..സൂപ്രണ്ട് മന്ദാകിനി മാഡത്തിന്റെ മേശപ്പുറത്തു നിന്ന് ഫയലുകൾ ശര വേഗത്തിലാണ് ഹാഫ് ഡോർ തുറന്ന് വല്ലഭൻ സാറിന്റെ ക്യാബിനിലേക്ക് പോകുന്നത്. അവിടെ അട്ടി ഇടുന്ന ഫയലുകൾ തരാതരം തിരിച്ചു
വെക്കും …വിവാഹ സർട്ടിഫിക്കേറ്റ് ….കംപ്ലീഷൻ സർട്ടിഫിക്കേറ്റ് ..
വീട്ടു നമ്പർ കൊടുക്കൽ …
ക്വാറി പെർമിറ്റ് ……ഫ്ലാറ്റ് പ്ലാൻ അപ്രൂവൽ …എന്നിങ്ങനെ ഗ്രേഡ്
അനുസരിച്ചു അടുക്കിവെക്കും …അതിൽ നിന്നു
കനപ്പെട്ട ഫയലുകൾ ബാഗിൽ എടുത്തുവെച്ചു വല്ലഭൻ സാർ പുറത്തേക്കിറങ്ങും ..നഗര സഭയുടെ പേരുവെച്ച വാഹനം ക്വാറി മുതലാളിയുടെ വീടും കടന്നു ഫ്ലാറ്റ് നിർമാതാക്കളുടെ ഓഫീസും ചുറ്റി തിരിച്ചു വന്നുകയറുമ്പോൾ വല്ലഭൻ സാറിന്റെ വയർ പോലെ ആ കറുത്ത ബാഗും അൽപ്പം വീർത്തിരിക്കും .മറ്റു ജനന മരണ ..വിവാഹ സർട്ടിഫിക്കേറ്റ്കൾ ഉടനെ കക്ഷികളെ വിളിച്ചു വരുത്തി കൊടുക്കുമ്പോൾ എല്ലാവർക്കും എന്ത് സന്തോഷമാണെന്നോ .
ഉച്ച ഊണു എന്നും കൗൺസിൽ ഹാളിലാണ് സ്റ്റാഫ് എല്ലാവരും കൂടി വല്ലഭൻ സാറിന്റെ കൂടെയുള്ള ആ ഊണ് …..അതൊരു ഒരു രസം തന്നെ യാണ് …സാറിന്റെ കറുത്ത ബാഗിൽ നിന്നും പൊതികൾ പലതു പുറത്തു വരും …കറി പ്പൊതികൾ ഓരോന്നോരോന്നായി അഴിച്ചു നിരത്തും …പിന്നെ പങ്കുവെക്കൽ ..ആവോലി വറുത്തത് ….അടുത്തദിവസം ചെമ്മീൻ റോസ്‌റ് ഓരോ ദിവസവും വിഭവങ്ങൾ മാറി മാറിക്കൊണ്ടിരിക്കും. “വല്ലഭൻ സാറിന്റെ ഭാര്യയെ സമ്മതിക്കണം …എത്ര പൊതിയ “അനിൽ സാറിന്റെ കമന്റാ ..അനിൽ യൂണിയന്റെ ഒരു കൊച്ചു നേതാവാണ് .
“സാറെ ഈ ചെമ്മീൻ റോസ്റ്റിന്റെ റിസ്പി എന്തൊക്കെയാ ..ഇന്നലെ ഞാൻ വീട്ടിൽ ഉണ്ടാക്കിയിട്ട് ശരിയായില്ല “സീനിയർ ക്ലാറ്ക് സുഹറായുടെ പരാതി .ഊണ് കഴിച്ചു തീരുവോളം ഓരോരുത്തർ എന്തങ്കിലും പറഞ്ഞു സാറിനെ സുഖിപ്പിക്കും .ഊണ് കഴിഞ്ഞു വന്നാൽ സാറിന്റെ വക ഓരോ ഞാലിപ്പുവൻ പഴം എല്ലാവർക്കും ഉണ്ട് .
ഗിരിജാ വല്ലഭൻ സാർ വന്നതിൽ പിന്നെ അവിടെ കക്ഷി രാഷ്ട്രീയ ത്തിന്റെ നിറം കുറച്ചൊന്നു മങ്ങി . കൗൺസിലർമാരുടെ കണ്ണിലുണ്ണി ആകാൻ പക്വത വന്ന ആളായിരുന്നു ഗിരിജാ വല്ലഭൻ ഒന്ന് തൊഴുത്തു നിൽക്കാനും ചിലപ്പോൾ കാലിൽ വീഴാനും ഒക്കെ വല്ലഭൻ സാറിന് നല്ല മെയ് വഴക്കം ആയിരുന്നു.
പദ്ധതി പ്രവർത്തനങ്ങളുടെ ഗതി വേഗം കൂടുന്നു വഴിവിളക്കുകളെല്ലാം പകൽ പോലും തെളിഞ്ഞു കിടന്നു റോഡ് ടാറിംഗ് …കുടിവെള്ള ടാങ്ക് നിർമ്മാണം മഴവെള്ള സംഭരണി വിതരണം കാത്തിരിപ്പ് കേന്ദ്രം നിർമിതി അങ്ങിനെ ബഹുമുഖ പദ്ധതികൾ …നഗര സഭയുടെ കീർത്തി ഉയർന്നു ഇതിനിടയിലൂടെ നഗരസഭ ജീപ്പ് ഇറച്ചി മാർക്കറ്റ് കടന്നു മത്സ്യമാർക്കറ്റിലും മറ്റു ചില ഇടങ്ങളും കറങ്ങി ഓഫീസിൽ എത്തുമ്പോൾ പതിവ് പോലെ ആ കറുത്ത ബാഗ് ലേശം തടിച്ചിരിക്കും .
വല്ലഭൻ സാർ സർവീസിൽ നിന്നു പിരിയാൻ ഇനി ഒരാഴ്ച യെ ഉള്ളു .യാത്ര അയപ്പ് വലിയ ആഘോഷമാക്കാൻ സ്റ്റാഫ് ഒന്നാകെ തീരുമാനിച്ചു .
സ്നേഹോപഹാരം ….ഒരാറടി പൊക്കമുള്ള ഒരു നിലവിളക്ക് …അതും നല്ല വെള്ളോടിൽ വാർത്തത് .കഴിഞ്ഞ ദിവസം അതിനുള്ള ഓർഡർ കൊടുത്തു കഴിഞ്ഞു മന്ദാകിനി മാഡം ഒരു ഫയലുമായി ചെല്ലുമ്പോൾ
സാർ ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്യുകയായിരുന്നു “ഇല്ല അതു ഞാൻ വർഗീസിനോട് അന്നേ പറഞ്ഞതല്ലേ “നിങ്ങൾ ഞാൻ പറഞ്ഞത് പോലെ ചെയ്യൂ “….സാർ കേബിനിൽ നിന്നു പുറത്തു വന്നു സുപ്രണ്ടി നോടായി ചോദിച്ചു “മാഡം ഇനി ഫയലുകൾ വലതു പെന്റിങ് ഉണ്ടോ “
“ഇല്ല സാർ …പിന്നെ ആ വർഗീസ് വർഗീസ് സിന്റെ ക്വാറി യുടെ …മാഡം പറഞ്ഞു തീരും മുമ്പ് …സാർ കേറിപറഞ്ഞു”അതു എന്റെ മേശപ്പുറത്തുണ്ട് “.
അന്ന് വൈകുന്നേരം സാറിന്റെ വക ഒരു ചായ സൽക്കാരം ..
ഈ സമയം സാറിന് ഒരു ഫോൺ കോൾ വന്നു “ഹലോ ങ്ങാ വർഗീസ് ഞാൻ പറഞ്ഞില്ലേ ..നാളെ ഞാൻ സർവീസിൽ നിന്നു പിരിയും …നാലു മണിക്ക് മുൻപ് വന്നാൽ പെർമിറ്റ് റെഡിയായിരിക്കും …ആദ്യം പറഞ്ഞ കാര്യം മറക്കേണ്ട ..കേട്ടല്ലോ …ശരി ….
വേദിയിൽ നേതാക്കൾ കൗൺസിലർമാർ സ്റ്റാഫ് പ്രതിനിധികൾ എല്ലാവരും മത്സരിച്ചു സാറിന്റെ പ്രവർത്തികളെ പ്രകീർത്തിച്ചു ഇതെല്ലാം കേൾക്കാൻ വല്ലഭൻ സാറിന്റെ ഭാര്യയും മകളും വേദിയിൽ തന്നെ ഉണ്ടായിരുന്നു …തുടർന്നു വല്ലഭൻ സാറിന്റെ തകർപ്പൻ മറുപടി പ്രസംഗം .അതു കഴിഞ്ഞു ഹസ്തദാനങ്ങളും ആശംസകളും കൈമാറി സാർ തന്റെ കേബിനിലേക്ക് വന്നു .മൊബൈൽ റിങ് ചെയ്യുന്നു “നിങ്ങൾ എവിടെയാ …ശരി കയറി വന്നോളൂ ..”
വർഗീസ് വർഗീസ് എന്നയാൾ കാബിനിലേക്ക് കയറി ..ചെന്ന ഉടനെ മടിയിൽ കരുതിയിരുന്ന ഒരു കേട്ടു നോട്ട് വല്ലഭൻ സാറിന് കൈമാറി ..അതു ഷെൽഫിൽ വെക്കുവാൻ തുടങ്ങുമ്പോൾ രണ്ടു പേർ ഹാഫ് ഡോർ തള്ളി തുറന്നു കേബിനിലേക്ക് കയറി ആ നോട്ടുകെട്ടുകൾ പിടിച്ചു ച്ചെടുത്തു ..ഇന്റലിജിൻസ് ആൻഡ് ആന്റി കാറെപ്ഷൻ ബൂറോ യുടെ ഐഡി കർഡുകൾ അവരുടെ കഴുത്തിൽകിടപ്പുണ്ടായിരുന്നു.
യാത്രയയപ്പിന്റെ ആരവം കെട്ടടങ്ങി …..സന്തോഷം കളിയാടിയിരുന്ന മുഖങ്ങൾ പെട്ടെന്നു കണ്ണുനീരിന്നും ദുഖത്തിനും വഴിമാറി …. ആളുകൾ പുറത്തേക്കു ഇറങ്ങി നീങ്ങുന്നു ….. കയ്യിൽ വിലങ്ങുമായി ഗിരിജാ വല്ലഭൻ സർ മുഖം താഴ്ത്തി പടിയിറങ്ങി വരുമ്പോൾ
ആറടി പൊക്കമുള്ള ഒരു നിലവിളക്ക് വാതിൽ പടിയിൽ ആർക്കും വേണ്ടാതെ ഇരിപ്പുണ്ടായിരുന്നു …..
അബ്ദുൾകരിം
ചൈതന്യ .