രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിരലടയാളം അടക്കമുള്ള സുരക്ഷിതവും സാങ്കേതിക മികവുമായാണ് പുതിയ ഇ- പാസ്‌പോര്‍ട്ട് അവതരിപ്പിക്കുക. ഇതോടെ ആഗോളമായി ഇമിഗ്രേഷന്‍ നടപടികള്‍ സുഗമമാകുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്ന വ്യക്തിയുടെ വിരലടയാള രേഖകള്‍ അടക്കമുള്ള പ്രധാന വിവരങ്ങല്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൈക്രോചിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആര്‍.എഫ്.ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) വഴിയുള്ള അനധികൃത ഡാറ്റ കൈമാറ്റം അനുവദിക്കാത്ത സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിലൂടെ വ്യക്തിത്വ മോഷണം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ തടയുന്നതിനും ഇമിഗ്രേഷന്‍ പ്രക്രിയ എളുപ്പമാക്കല്‍ എന്നിങ്ങനെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യക്ഷമമായ ഇമിഗ്രേഷന്‍ പ്രക്രിയയ്ക്കായി കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പരീക്ഷണാര്‍ത്ഥം പ്രാഥമികമായി 20,000 ഔദ്യോഗിക നയതന്ത്ര ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെയാണ് സാധാരണക്കാര്‍ക്കും ഇത്തരത്തില്‍ നല്‍കാന്‍ സാധിച്ചത്. നിലവില്‍ പ്രിന്റ് ചെയ്ത ബുക്കിന്റെ രൂപത്തിലാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നത്.

ഇ-പാസ്പോര്‍ട്ടുകള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും. കൂടാതെ ഇത് കൂടുതല്‍ കഠിനവും നശിപ്പിക്കാന്‍ പ്രയാസകരവുമാകുമാണെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ടിന്റെ മുന്നില്‍ തന്നെയാകും ചിപ്പും ഘടിപ്പിക്കുക. അതിന് പുറമെ, ഇ-പാസ്‌പോര്‍ട്ടിന് അന്താരാഷ്ട്രപരമായി അംഗീകരിക്കപ്പെട്ട ലോഗോയും ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ 36 പാസ്‌പോര്‍ട്ട് ഓഫീസുകളും 93 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമാണ് ഉള്ളത്. ഇതില്‍ 36 പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇ-പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നും നിലവിലേതുപോലെ തന്നെ തുടരും. ഇഷ്യൂ ചെയ്യുന്ന സമയത്തെയും പുതിയ സംവിധാനം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021-ല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയോ പുതുക്കാന്‍ കൊടുക്കുന്ന ആര്‍ക്കും ഈ പാസ്പോര്‍ട്ടുകള്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പദ്ധതി വൈകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *