സുരക്ഷിതത്വത്തോടെ മുന്നോട്ട് പോവുക. നമുക്ക് പ്രാർത്ഥിക്കാം ദൈവം നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ പ്രിയരേ…!
ഒമാനിലെ സാമൂഹിക പ്രവർത്തകനും കെ എം സി സി നേതാവും ആയ മുഹമ്മദ് വാണിമേൽ എഴുതുന്നു
കോവിഡിന്റെ വകഭേദങ്ങൾ ഒമാനിലെ ജനജീവിതത്തെ പിടിച്ചുലച്ചിരിക്കുകയാണ്. നേരം പുലർന്നാൽ അന്തിയോളം മരണ വാർത്തകൾ നിറയുന്നു. പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ വഹിച്ചു വരുന്ന സംഘങ്ങൾ ഒഴിയുന്നില്ല. അസുഖമുണ്ടെന്ന് പറഞ്ഞ് സഹായമഭ്യർത്ഥിച്ച പലരും ഇന്ന് ഖബറിലാണെന്നത് ഞെട്ടലോടെ ഓർക്കുന്നു.
കോവിഡിന്റെ ഒന്നാം വരവിൽ ഓർക്കുന്ന ഏറ്റവും ഭീതിനിറഞ്ഞ ദിനം- ഏഴ് മരണങ്ങൾ കേപിറ്റൽ ഏരിയയിൽ ഉണ്ടായ ദിവസമാണ്. പാലക്കാട് സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ വന്നവരുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും വന്നിരുന്നു. തൊട്ടപ്പുറത്ത് മരണപ്പെട്ട സ്വദേശിയുടെ ബന്ധുക്കളായ വനിതകൾ ഖബർസ്ഥാനിനടുത്ത് നിന്ന് പൊട്ടിക്കരയുന്ന സംഭവവും ഉള്ളിൽ മുഴച്ചു നിൽക്കുന്ന കാഴ്ചയാണ്. എന്നാൽ ഇന്നതൊക്കെ സാധാരണമായിരിക്കുന്നു. ഇന്ന് മരണ സംഖ്യ മുപ്പതും, നാൽപതുമൊക്കെയാണ്.
കുടുംബമായി കഴിയുന്ന പലരും പെട്ടെന്നൊരു സുപ്രഭാതത്തിൽ അനാഥരാവുന്നു കൂടെപ്പിറപ്പുകളെ മഹാമാരി കൊത്തി വലിച്ചു കൊണ്ടു പോകുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വരികയാണ് പലർക്കും.
തുടക്കത്തിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ പലരെയും വകഭേദം വന്ന- തരംഗങ്ങൾ വേട്ടയാടിയിട്ടുണ്ട്. സാധാരണ ഒരാഴ്ച കൊണ്ടൊക്കെ ഭേദമാവുന്ന കോവിഡ് വിട്ടൊഴിയുന്നില്ല. പുതിയ വകഭേദം ബാധിച്ചവരിൽ നിന്നും കിട്ടിയ വിശദാംശങ്ങളും നിലവിലെ മരണ സംഖ്യയും വെച്ച് നോക്കിയാൽ അൽപം അപകടകാരിയായ വൈറസ് തന്നെയാണ് താണ്ഡവമാടുന്നതെന്ന് വ്യക്തമാണ്.
വളരെ പ്രധാനപ്പെട്ട ചില മുൻകരുതലുകൾ നാം ഇപ്പോഴും കാറ്റിൽ പറത്തുന്നുണ്ട്. ഒമാനിൽ വില 500Bz. 50 എണ്ണമുള്ള ഒരു ബോക്സ് മാസ്ക് ലഭിക്കും. ഒരു മാസ്ക് മിനിമം 4 മണിക്കൂർ മാത്രം ഉപയോഗിക്കുക. ധരിച്ച മാസ്ക് റിമൂവ് ചെയ്യേണ്ട അവസരം വന്നാൽ അത് മടക്കി പോക്കറ്റിലോ വല്ല മഞ്ചയിലോ തിരുകി വെച്ച്, കൈവെള്ള കൊണ്ട് തൊട്ട് വീണ്ടും അണിയുന്ന ഒരു ലോജികും ഇല്ലാത്ത പരിപാടി നടത്തുന്നവരാണ് പലരും. ഇത് തെറ്റാണ്. സുപ്രധാനമായ ഒരു കാര്യമാണിത്. അഴുക്കു പുരണ്ട, മോശപ്പെട്ട മാസ്കുകൾ അണിഞ്ഞു നടക്കുന്നവർക്ക് നല്ല ഒരു മാസ്ക് നൽകി വൃത്തിക്ക് നടക്കാൻ പറയേണ്ട ഉത്തരവാദിത്വം കൂടി നമുക്കുണ്ട്.
എത്ര വലിയ ആളായാലും ഷെയ്ക് ഹാന്റ് തരാൻ തുനിഞ്ഞാൽ നിരസിക്കണം. എവിടെ തൊട്ടാലും ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കുന്ന ശീലം കർശ്ശനമായി തുടരേണ്ടതുണ്ട്. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുക. ആസ്റ്റ്രസനികയോ പ്ഫൈസറോ ഏതുമായിക്കൊള്ളട്ടെ മറ്റുള്ള ജനങ്ങളുടെ സുരക്ഷിതത്വത്തിന് കൂടി ഹേതുവാകേണ്ട കോവിഡ് പ്രതിരോധ യജ്ഞത്തിൽ എല്ലാവരും ഭാഗവാക്കാവണം.
കാര്യങ്ങൾ നമ്മൾ ആലോചിക്കുന്ന ഇടത്തല്ല നിൽക്കുന്നത്. മൂന്ന് ദിവസം കൊണ്ട് നൂറോളം ആളുകൾ മരണപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിന്റെയും സുപ്രീം കമ്മറ്റിയുടെയും നിർദ്ദേശങ്ങളെ മുഖവിലക്കെടുത്ത് സുരക്ഷിതത്വത്തോടെ മുന്നോട്ട് പോവുക. നമുക്ക് പ്രാർത്ഥിക്കാം ദൈവം നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ പ്രിയരേ…!
-മുഹമ്മദ് വാണിമേൽ