രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് 2021 ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജൂൺ 6 മുതൽ ആരംഭിച്ചിട്ടുള്ള ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിലാണ് ഈ നടപടി. ജൂൺ 8-ന് വൈകീട്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി കൂടുതൽ പേരിലേക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ എത്തിക്കുന്ന വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്. ജൂൺ 7 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ ഇതുവരെ 335866 പേർ COVID-19 വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 9.3 ശതമാനമാണിതെന്നും മന്ത്രാലയം അറിയിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി പരീക്ഷയെഴുതുന്ന പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, പരീക്ഷകളുടെ സൂപ്പർവൈസർ ചുമതലയുള്ള ജീവനക്കാർ, മുസന്ദം ഗവർണറേറ്റിലെ പൗരന്മാർ, ഇതുവരെ വാക്സിനെടുക്കാത്ത സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, സൈനികർ, മറ്റു സെക്യൂരിറ്റി ജീവനക്കാർ, സർക്കാർ ജീവനക്കാർ, റോയൽ ഒമാൻ പോലീസ് അംഗങ്ങൾ, സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ, ഓയിൽ, ഗ്യാസ്, എയർപോർട്ട് മുതലായ പ്രവർത്തനമേഖലകളിലെ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്ന നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ, ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ഒമാനിൽ ആരംഭിച്ചിട്ടുണ്ട്. പത്ത് ആഴ്ച്ചകൾക്ക് മുൻപ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പാണ് ഇത്തരത്തിൽ നൽകുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന വാക്സിൻ കുത്തിവെപ്പിനർഹരായവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്ന മുറയ്‌ക്കാണ്‌ വാക്സിൻ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *