മസ്കറ്റ്:
വിദേശ സന്ദർശകർക്ക് സ്വന്തം രാജ്യം നൽകിയ സാധുവായ ലൈസൻസ് ഉപയോഗിച്ച് പ്രത്യേക നിബന്ധനകൾക്ക് വിധേയമായി ഒമാനിൽ വാഹനമോടിക്കാൻ അനുമതിയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ടൂറിസം അല്ലെങ്കിൽ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായുള്ള സന്ദർശകർക്ക് മാത്രമായിരിക്കും ഇത് ബാധകം. വിദേശമോ അന്തർദേശീയമോ ആയ ഡ്രൈവിങ് ലൈസൻസ് രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുള്ളതായിരിക്കണം.
ഒമാനിൽ എത്തുന്ന ഏതൊരു സന്ദർശകനും വിദേശ ലൈസൻസ് ഉപയോഗിച്ച് സുൽത്താനേറ്റിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിലെ ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു. തീരുമാനം രാജ്യത്തെ ടൂറിസം രംഗത്തിനും റെൻറ് എ കാർ രംഗത്തിനു ഗുണം ചെയ്യും. ശൈത്യകാല സീസൺ ആയതോടെ രാജ്യത്തേക്ക് നിരവധി സഞ്ചാരികളാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് ഇവരെ ആകർഷിക്കുന്നതിനായി വിവിധ പരിപാടികളാണ് ഗവർണറേറ്റുകളിൽ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഇത്തരക്കാർക്കെല്ലാം രാജ്യം സ്വന്തം നിലയിൽ കറങ്ങി കാണാൻ ഈ നീക്കത്തിലൂടെ അവസരം ലഭിക്കും. ടൂറിസം അല്ലെങ്കിൽ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി രാജ്യത്ത് പ്രവേശിച്ച സന്ദർശകർക്ക് മാത്രമായിരിക്കും ഇത്തരത്തിൽ വാഹനം ഓടിക്കാൻ സാധിക്കുക. . വിദേശമോ അന്തർദേശീയമോ ആയ ഡ്രൈവിങ് ലൈസൻസ് രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുള്ളതായിരിക്കണമെന്നും നിബന്ധനയുണ്ട്
