സ്വാതന്ത്ര്യദിനത്തിൽ സുവർണ്ണനേട്ടം സ്വന്തമാക്കി മബേല ഇന്ത്യൻ സ്കൂൾ
മബേല: ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്യ്രദിനം വർണ്ണാഭമായ ആഘോഷപരിപാടികളോടെ മബേല ഇന്ത്യൻസ്കൂൾ സംഘടിപ്പിച്ചു. ഇന്ത്യയുടെ സമ്പന്നമായ കലാ സാംസ്കാരിക പൈതൃകവും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവും വിളിച്ചോതിയ നിരവധി പരിപാടികൾ അവതരിപ്പിക്കപ്പെട്ട ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ശ്രീ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ അണിനിരന്ന് അവതരിപ്പിച്ച നൃത്ത സംഗീത ചിത്രകലകളുടെ അവതരണം ഇന്റർ നാഷണൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി.
ഒമാൻ ദേശീയഗാനവും തുടർന്ന് ഇന്ത്യൻ ദേശീയഗാനവും ആലപിച്ച് ആരംഭിച്ച ചടങ്ങിൽ സ്കൂൾ അങ്കണത്തിൽ വിശിഷ്ടവ്യക്തികൾ വൃക്ഷത്തൈ നട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഒമാനിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് അച്ചടക്കവും ഏകോപനവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ അംബാസിഡർ ശ്രീ അമിത് നാരംഗ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങളിലും ഭാഷകളിലും ഉത്സവങ്ങളിലും പ്രതിഫലിക്കുന്ന സാംസ്കാരിക ബഹുസ്വരതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സവിശേഷതയായ നാനാത്വത്തിലെ ഏകത്വത്തെ ഓർമ്മപ്പെടുത്തി ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്രമേയമായ ‘വികസിത ഭാരതത്തിലൂന്നി രാഷ്ട്രപുരോഗതിയിലും വികസനത്തിലും രാജ്യം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.
വിദ്യാലയത്തിലെ കെജി മുതൽ 12 വരെയുള്ള ഗ്രേഡുകളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ അണിനിരന്ന് അവതരിപ്പിച്ച സംഗീതം, നൃത്തം, കല എന്നിവയുടെ സാംസ്കാരിക സമന്വയത്തിലൂടെ സ്വന്തമാക്കിയ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ഈ പരിപാടിയുടെ ഒരു നാഴികക്കല്ലായി മാറി. ജമ്മുകാശ്മീരിന്റെ സ്വന്തം കലാരൂപമായ റഊഫ് മുതൽ കേരളത്തിലെ മോഹിനിയാട്ടം വരെയുള്ള പതിനഞ്ചോളം വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. കൂടാതെ അവയുടെ ഗാനങ്ങളും വിദ്യാർത്ഥികൾ തത്സമയം ആലപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണായക പങ്കുവഹിച്ച പതിനഞ്ചോളം ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങൾ വിദ്യാർത്ഥികൾ ചേർത്ത് വെച്ച് സ്കൂൾ മൈതാനത്തിൽ അവതരിപ്പിച്ച പ്രദർശനവും കാണികളെ അത്ഭുതപ്പെടുത്തി. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിന്റെ വിധികർത്താവ് ശ്രീ. അരവിന്ദർ സിംഗ് ഭാട്ടി, തന്റെ പ്രസംഗത്തിൽ റെക്കോർഡ് ശ്രമം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കാനും കൂടെ നിന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പരിശീലിപ്പിച്ച അധ്യാപകർ എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു. വർണ്ണശബളമായ ആഘോഷപരിപാടികളിൽ ഒമാനിലെ സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ അമിത് നാരംഗിനോടൊപ്പം പത്നി ശ്രീമതി ദിവ്യ നാരംഗ്, ഇന്ത്യൻ എംബസി സെക്കണ്ട് സെക്രട്ടറി ശ്രീ ജയപാൽ ദെന്തെ, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ബോർഡ് വൈസ് ചെയർമാനും, മബേല സ്കൂൾ ഡയറക്ടർ ഇൻ ചാർജുമായ ശ്രീ സയ്യിദ് സൽമാൻ, മബേല സ്കൂൾ ഡയറക്ടർ ഇൻ ചാർജ് ശ്രീ കൃഷ്ണേന്ദു, സീനിയർ പ്രിൻസിപ്പൽ ആന്റ് എഡ്യൂക്കേഷൻ അഡ്വൈസർ ശ്രീ വിനോഭ . എം. പി, മബേല സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. ഷമീം ഹുസൈൻ, സ്കൂൾ മാനേജ്മെന്റ്ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.