മസ്കറ്റ് :
ഒമാനിലെ പഴം പച്ചക്കറി കേന്ദ്ര മാർക്കറ്റ് മസ്കറ്റ് ഗവർണറേറ്റിലെ മവാലയിൽ നിന്നും തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക ഖസായിനിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റ് മികച്ച നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. മവേല മാർക്കറ്റിനെക്കാർ മൂന്ന് ഇരട്ടി വലിപ്പമുള്ള ഖസായിനിലെ സിലാൽ പഴം പച്ചക്കറി മാർക്കറ്റിനു സവിശേഷതകൾ ഏറെയാണ്. ഒമാനിലെ ആകെ ജനസംഖ്യയുടെ പകുതി പേരുടെയും മാര്‍ക്കറ്റ് ആവശ്യങ്ങളെ നിറവേറ്റാന്‍ സാധിക്കുന്ന തരത്തിൽ വിപുലമാണ് തെക്കൻ ബാത്തിനായിലെ ബർക്കക്കടുത്ത് ഖസായിനിൽ ഇന്ന് പ്രവർത്തനം ആരംഭിച്ച പുതിയ സിലാൽ പഴം പച്ചക്കറി കേന്ദ്ര മാർക്കറ്റ്. അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ ആണ് മാർക്കറ്റിന്റെ വിസ്തൃതി. പൂര്‍ണമായും ശീതീകരിച്ച, അത്യാധുനിക സൗകര്യങ്ങളോടെ ഉയർന്ന നിലവാരത്തിലാണ് മാർക്കറ്റിന്റെ നിർമ്മാണം.
പച്ചക്കറികളും പഴങ്ങളും കേടുകൂടാതെ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോർ സംവിധാനം, ശീതീകരിച്ച മൊത്ത വ്യാപാര ഹാൾ, ട്രക്കുകളിലെ വിൽപന മേഖല, കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനാ കേന്ദ്രം, ഉൽപന്നങ്ങളുടെ ലാബ് പരിശോധനക്കുള്ള സ്ഥലം, സവോളയും ഉരുള കിഴങ്ങും വേർതിരിക്കാനുള്ള പ്രത്യേക ഭാഗങ്ങർ, ഇവിടെ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഫീസ് സംവിധാനം, ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ, പച്ചക്കറികളും പഴങ്ങളും തരം തിരിക്കുന്ന ഗ്രൗണ്ടുകൾ, കസ്റ്റംസ് പരിശോധനക്കുള്ള സ്ഥലം തുടങ്ങി നിരവധി സവിശേഷതകൾ പുതിയ മാർക്കറ്റിനുണ്ട്. ട്രക്കുകൾക്ക് തിരക്ക് കൂടാതെ പ്രവേശിക്കാൻ നിരവധി ഗേറ്റുക ളും, 2,50,000 ചതുരശ്ര മീറ്റർ ട്രക്ക് പാർക്കിങ് ഏരിയ യും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ മാർക്കറ്റിന്റെ സൗകര്യത്തിൽ മൊത്തവ്യാപാരികളും ഉപഭോക്താക്കളും സംതൃപ്തി രേഖപ്പെടുത്തി.
മസ്ജിദ്, സൂപർമാർക്കറ്റ്, റസ്റ്റോറന്റുകൾ, ബാങ്കുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങളും, പഴം, പച്ചക്കറി ചില്ലറ വ്യാപാര മാർക്കറ്റും ഇവിടെ ഉണ്ടാവും. വിപുലമായ പാർക്കിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. . മൊത്തവ്യാപാരം പുതിയ ഇടത്തിലേക്ക് മാറ്റിയെങ്കിലും മവാല മാർക്കറ്റിൽ പഴം പച്ചക്കറി എന്നിവയുടെ ചില്ലറ വ്യാപാരം തുടരുമെന്ന് മസ്കറ്റ് നഗരസഭാ അറിയിച്ചിരുന്നു.