മസ്കറ്റ് : ‘കല’ മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 17 ന് വെള്ളിയാഴ്ച്ച റൂവി അൽ ഫലജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ ‘കേരളീയം 2024’ എന്ന മെഗാ പരിപാടി അരങ്ങേറുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടി കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും . വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറും
വിനോദത്തോടൊപ്പം കേരളത്തിന്റെ ചരിത്രവും വർത്തമാനവും തനിമയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് കേരളീയം 2024 ന്റെ പരിപാടികൾ
കോർത്തിണക്കിയിരിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സ്വാഗത സംഘം രക്ഷാധികാരികളായ വിൽസൺ ജോർജ്, സുനിൽ കുമാർ, ചെയർമാൻ നിഷാന്ത്, കൺവീനർ കൃഷ്ണകുമാർ,അഭിലാഷ് ശിവൻ ബിജു കുട്ടമ്മത്ത്,തുടങ്ങിയവർ സംബന്ധിച്ചു. പ്രമുഖ നാടക പ്രവർത്തകൻ ജിനോ ജോസഫ് ഒരുക്കുന്ന ‘കൂത്ത്’ എന്ന നാടകം അരങ്ങേറും
മസ്കറ്റിലെ നാൽപതോളം കലാകാരന്മാർ അരങ്ങത്തും അണിയറയിലും പ്രവർത്തിക്കുന്ന നാടകം വേറിട്ട അനുഭവമാകും . നമ്മുടെ നാടിന്റെ സാമൂഹ്യ സാഹചര്യങ്ങളുടെ നേർക്കാഴ്ച ആയിരിക്കും നാടകം.
നാടകമേഖലയിൽ കേരള സാഹിത്യ അക്കാഡമിഅവാർഡ് അടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നാടക പ്രവർത്തകനാണ് ജിനോ ജോസഫ് . തന്റെ നാടകങ്ങളിൽ പുരോഗമന ആശയങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന സംവിധായകനാണ് ജിനോ ഇതിനു മുൻപ് ജിനോ ജോസഫ് സംവിധാനം ചെയ്ത് മസ്കറ്റിലും സൊഹാറിലും അവതരിപ്പിച്ച “മത്തി” എന്ന നാടകം വൻ ജനശ്രദ്ധ നേടിയിരുന്നു. വേദിയിൽ അരങ്ങേറുന്നമറ്റൊരു പരിപാടിയാണ് ‘നടന കൈരളി ‘ കേരളത്തിന്റെ ചരിത്രവും തനിമയും വിളിച്ചോതുന്ന നൃത്ത പരിപാടിയാണ് നടനകൈരളി. രണ്ടു വിഭാഗമായി തരം തിരിച്ചിരിക്കുന്ന പരിപാടിയിൽ കേരളത്തിന്റെ തനത് പാരമ്പര്യ നൃത്തകലകളുടെ സംഗമവും, അതോടൊപ്പം കുട്ടികൾ അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പരിപാടിയും ഉണ്ടായിരിക്കും. ഒമാനിലെ നൃത്ത അധ്യാപകരായ കലാമണ്ഡലം ശ്രീലക്ഷ്മി, മീനാക്ഷി എം മേനോൻ എന്നിവരാണ് നടനകൈരളി അരങ്ങിൽ എത്തിക്കുന്നത് .വേദിയിൽ അരങ്ങേറുന്ന മറ്റൊരു മെഗാ സംഗീത പരിപാടിയാണ് ഇഷാൻ ദേവ് ന്റെ നേതൃത്വത്തിൽ ‘മ്യുസിക്ക് ഫിയേസ്റ്റ ‘കേരളം മഹാ പ്രളയത്തിൽ വിറങ്ങലിച്ച സമയത്ത് “നന്മയുള്ള ലോകമേ” എന്ന പാട്ടുപാടി മലയാളിക്ക് സംഗീതം കൊണ്ട് സാന്ത്വനമേകിയ ഗായകൻ ഇഷാൻ ദേവും ടീമും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി തത്സമയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഗീതം പെയ്തിറങ്ങുന്ന ഗാനസന്ധ്യ പുതുമകൾ കൊണ്ട് വേറിട്ട സംഗീത വിരുന്നാകും . ‘കേരളീയം 2024’ സാംസ്കാരിക സദസ്സിൽ കലാ സാംസ്കാരിക സാമൂഹ്യ സാഹിത്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കും . രാത്രി 11.30 തോടെ അവസാനിക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും