ആർ ഒ പി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും സനദ് സെന്ററുകളിലും സൗകര്യം
മിനുട്ടുകൾ കൊണ്ട് ലൈസൻസ് പുതുക്കി ലഭിക്കും
മസ്കറ്റ് : ഒമാന്‍ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പോലീസ്.
നേരിട്ട് ആർ ഒ പി സേവന കേന്ദ്രങ്ങളിലെത്തി നടപടികൾ പൂർത്തിയാക്കിയാണ് നേരത്തെ ലൈസൻസ് പുതുക്കിയിരുന്നതെങ്കിൽ ആർ ഒ പി വെബ് സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും സനദ് സെന്ററുകൾ വഴും ഇപ്പോൾ ലൈസൻസ് പുതുക്കാനാകും. പോലീസ് സേവനങ്ങൾ ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് ലൈസൻസ് പുതുക്കുന്നതും ഓൺലൈൻ വഴിയാക്കിയിരിക്കുന്നത്.
പി കെ ഐ നമ്പർ ഉള്ളവർക്കും, ഐഡി കാർഡ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കും ആർ ഒ പി ആപ്പ് വഴി ആവശ്യമായ വിവരങ്ങൾ നൽകി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. അല്ലാത്തവർക്ക് സനദ് സെന്ററുകൾ വഴിയും ലൈസൻസ് പുതുക്കാൻ സാധിക്കും. ആപ്പിൽ സേവനം സൗജന്യമാണെങ്കിൽ സനദ് സെന്ററുകളിൽ നിശ്ചിത സേവന നിരക്ക് നൽകി നടപടികൾ പൂർത്തിയാക്കാം. ഇതിന് മുന്നോടിയായി കണ്ണ് പരിശോധന പൂർത്തിയാക്കേണ്ടതമുണ്ട്.
തുടർന്ന റോയൽ ഒമാൻ പോലീസ് കിയോസ്കുകൾ വഴി പുതുക്കിയ ലൈസൻസ് പ്രിന്റ് എടുക്കാൻ സാധിക്കും. മാളുകളിലും വിവിധ വാണിജ്യ കേന്ദ്രങ്ങളിലും പൊതുസേവന സ്ഥലങ്ങളിലും കിയോസ്കുകൾ ലഭ്യമാണ്. രണ്ട് റിയാൽ മാത്രമാണ് കാർഡ് പ്രിന്റ് ലഭിക്കുന്നതിന് നൽകേണ്ടത്.
മുൻകാലങ്ങളെ അപേക്ഷിച്ച് നടപടികൾ അതിവേഗത്തിലായതും മിനുട്ടുകൾ കൊണ്ട് ലൈസൻസ് പുതുക്കി ലഭിക്കുന്നതും ഏറെ സൗകര്യപ്രദമാണ്.
ലൈസൻസ് പുതുക്കുന്ന സേവനം ഓൺലൈൻ വഴി ആക്കിയത് അറിയാത്ത പലരും നേരിട്ട് പോലീസ് സേവന കേന്ദ്രങ്ങളിൽ എത്തുമ്പോഴാണ് പുതിയ സൗകര്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത്. ഇതിന് പുറമെ റോയല്‍ ഒമാന്‍ പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കിവരുന്നു. ലൈസന്‍സ് നേടുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക സേവനങ്ങള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ സൗകര്യമുണ്ട്.