മസ്കറ്റ് :
ഒമാൻ താണ്ടിയ ചരിത്ര പടവുകൾ പുതുതലമുറക്ക് വരച്ചുകാട്ടിക്കൊടുക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒന്നാം വാർഷികം ആഘോഷിച്ചു. ഒരുവര്ഷത്തിനിടയിൽ നിരവധി ആളുകളാണ് ഈ ചരിത്രകൗതുകം കാണാനെത്തിയത്. 2023 മാർച്ച് 13 നാണ് ഒമാൻ എക്രോസ്സ് ഏയ്ജസ് മ്യുസിയം ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തിന് സമർപ്പിച്ചത്. ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 4,50,000ലധികം സന്ദർശകരാണ് ഒരുവർഷത്തിനുള്ളിൽ മ്യുസിയത്തിലെത്തിയത്. 74 വിദ്യാഭ്യാസ പരിപാടികൾ ഉൾപ്പെടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ നിരവധി പരിപാടികളും മ്യൂസിയത്തിൽ നടന്നു. ഒന്നാം വാർഷിക ദിവസമായ പതിമൂന്നാം തീയതി സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. ഒമാന്റെ ഭൂമിശാസ്സ്ത്രം, ചരിത്രം, പൈതൃകങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയമായ പ്രദർശനങ്ങൾക്കൊപ്പം മ്യൂസിയം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ സ്ഥാനവും മ്യൂസിയത്തിന്റെ സ്വീകാര്യതക്ക് കാരണമായെന്നു ഡയറക്ടർ ജനറൽ അൽ യഖ്സാൻ ബിൻ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു.ഒമാനി യുവതയെ അവരുടെ സാംസ്കാരിക വേരുകൾ അടുത്തറിയുന്നതിനുള്ള ലക്ഷ്യസ്ഥാനമാക്കി മ്യൂസിയത്തെ മാറ്റുന്നതിനും കഴിഞ്ഞ ഒരു വർഷത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മസ്കറ്ട്ടിൽ നിന്ന് 160 കി.മീറ്റർ അകലെയാണ് മ്യൂസിയം. മ്യുസിയത്തിൽ 9,000 ചതുരശ്ര മീറ്റർ പ്രദേശത്ത് പ്രദർശന മേഖലയും അതിനോടനുബന്ധിച്ച് ലൈബ്രറി, ഓഡിറ്റോറിയം, ഗാലറികൾ, കഫേകൾ, സാമൂഹിക, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അവധി ദിനങ്ങളിൽ കൂടുതൽ ആളുകൾ സന്ദര്ശനത്തിനായെത്തും. തിരക്ക് കുറക്കാനുള്ള നടപടികൾ മ്യൂസിയം അധികൃതർ സ്വീകരിക്കാറുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണ ത്തോടെ ആധുനിക ഒമാന്റെ ശില്പി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള സാധുവായ വിദ്യാർഥി ഐ.ഡിയോടെ വരുന്ന വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേമെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്