മസ്കറ്റ് : ഗാസ മുനമ്പിലെ അന്യായമായ ഇസ്രായേൽ യുദ്ധത്തിൻ്റെ അനന്തരഫലത്തിനും , കുട്ടികളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ പതിനായിരക്കണക്കിന് നിരപരാധികൾ രക്തസാക്ഷിത്വം വഹിച്ചതിനും യാതൊരു പരിഹാരവും കാണാതെ മേഖലയിൽ തുടരുന്ന രൂക്ഷത സുൽത്താനേറ്റ് ഒമാൻ വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാൻ വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിൻ്റെ അംഗീകാരവും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ അധിനിവേശ സേനയുടെ പിൻവാങ്ങലും തുടങ്ങി, അതിൻ്റെ കാരണങ്ങളും ഉദ്ദേശ്യങ്ങളും അഭിസംബോധന ചെയ്യുന്നതാണ് മേഖലയിലെ സംഘർഷത്തിനുള്ള ഏക പരിഹാര മാർഗമായി ഒമാൻ വിശ്വസിക്കുന്നതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇറാഖിലും സിറിയയിലും അമേരിക്ക ആരംഭിച്ച പ്രതികാര സൈനിക ആക്രമണത്തിൽ യാതൊരു പ്രയോജനവും സുൽത്താനേറ്റ് ഒമാൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ ഇത്തരം സൈനിക ആക്രമണങ്ങൾ നടത്തുന്നത് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുമെന്നും അത് മൂലം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് സമൂലമായ പരിഹാരങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.