മസ്കറ്റ് ||
സുൽത്താനേറ്റിലെ വിദേശ നിക്ഷേപകർക്ക് ഇനിമുതൽ അവരുടെ മാതൃരാജ്യത്തിരുന്നുകൊണ്ടുതന്നെ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. മിനിമം മൂലധനം കാണിക്കാതെ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ അനുവാദമുണ്ടെന്നും ഒരു നിശ്ചിത കാലയളവിനുള്ളിൽ തന്നെ പെർമിറ്റുകൾ അനുവദിച്ചു നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഒമാനിലെ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഒമാനിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ആശ്വാസം നൽകുന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിൽ ഒമാനിൽ കമ്പനി ഉള്ളവർക്കോ അതല്ല പുതിയ കമ്പനി രെജിസ്റ്റർ ചെയ്യുന്നതിനോ ഒമാൻ മിനിസ്ട്രി ഓഫ് കൊമേഴ്‌സിന്റെ ബിസിനസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് റെസിഡന്റ് കാർഡ് നിർബന്ധമായിരുന്നു. ആ നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇതിൻ പ്രകാരം വിദേശ നിക്ഷേപകന് ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിൽ റസിഡൻസ് കാർഡ് ആവശ്യമില്ലാതെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആപ്ലിക്കേഷനിലൂടെ നിക്ഷേപകനെ തിരിച്ചറിയുകയും ഒരു പ്രത്യേക രഹസ്യ നമ്പർ ഇ -മെയിലിലോ മൊബൈൽ നമ്പറിലോ അയയ്ക്കുകയും ചെയ്യുന്നു.ആ രഹസ്യ നമ്പർ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ബിസിനസ്സ് ആരംഭിക്കാൻ നിക്ഷേപകന് സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം. റെസിഡന്റ് കാർഡ് ഇല്ലാതെ പ്രവേശിക്കാൻ ‘ദ നോൺ സിറ്റിസൺസ്/നോൺ റെസിഡന്റ്‌സ്’ എന്ന വിഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്.നിക്ഷേപകൻ ആവശ്യമായ ഡാറ്റ പൂരിപ്പിച്ചതിന് ശേഷം അഭ്യർത്ഥന പരിശോധിച്ചുറപ്പിക്കുകയും ചെയ്യുന്നുണ്ട്. മിനിമം മൂലധനം കാണിക്കാതെ തന്നെ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ അനുവാദമുണ്ടെന്നും ഒരു നിശ്ചിത കാലയളവിനുള്ളിൽ പെർമിറ്റുകൾ നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴിയുള്ള ഇൻവെസ്റ്റ്‌മെന്റ് ഗൈഡ് സേവനം നിക്ഷേപകനെ ബിസിനസിന് ആവശ്യമായ 2,500-ലധികം ആവശ്യകതകളും ലൈസൻസുകളും അറിയാൻ സഹായിക്കും.