മസ്കറ്റ് ||
ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനിക്ക് നഷ്ടപരിഹാരമായി കിട്ടിയത് അരക്കോടി ഇന്ത്യൻ രൂപ.
മസ്കറ്റ് കെഎംസിസി മബേല ഏരിയാ കമ്മറ്റിയുടെ ഒന്നര വർഷത്തെ നിരന്തര നിയമ പോരാട്ടത്തിനൊടുവിൽ ഒമാൻ സുപ്രീം കോടതി വിധിയിലൂടെയാണ് ഇൻഷുറൻസ് തുക നൽകാൻ ഉത്തരവായത്. പ്രായമായ മാതാപിതാക്കളുടെ ഇളയമകളാണ് അവിവാഹിതയായ കോട്ടയം കുമരകം സ്വദേശിനി ഷിനുമോൾ പി വർഗീസ്. രണ്ട് സഹോദരിമാർ ഉണ്ട്. നേഴ്‌സിങ് ബിരുദ ധാരിയായ ഷിനുമോൾ മസ്കറ്റ് മബേലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് ജോലിക്കു വേണ്ടിയാണ് ഒമാനിൽ എത്തുന്നത്. ഒമാനിലെത്തി ഏഴു മാസം മാത്രം ആയപ്പോഴാണ് വിധി സ്വദേശി വനിത ഓടിച്ച വാഹനത്തിന്റെ രൂപത്തിൽ ഷിനുമോളുടെ സ്വപ്നങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂലൈ എട്ടിനായിരുന്നു സംഭവം. ജോലി കഴിഞ് ആശുപത്രിക്ക് സമീപമുള്ള എ ടി എമ്മിൽ നിന്നും സാലറി പണം എടുത്തു നാട്ടിലേക്ക് അയക്കാൻ പോയ ഷിനുമോളെ സ്വദേശി വനിത ഓടിച്ച വാഹനം നിയന്ത്രണം തെറ്റി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ചോരയിൽ കുളിച്ചു കിടന്ന അവരെ റോയൽ ഒമാൻ പോലീസ് ആണ് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുന്നത്. ആളെ തിരിച്ചറിയാൻ സാധിക്കാത്തതു കൊണ്ട് അൺ നോൺ എന്നായിരുന്നു അവിടെ ഷിനുമോളുടെ മേൽവിലാസം. ഇടക്കിടക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ താൻ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നും സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ കൂടെ പോയ് കൊണ്ടിരുന്ന ഷിനുമോളെ ചില മലയാളി ജീവനക്കാർ കണ്ടു പരിചയം പറഞ്ഞെങ്കിലും അവർക്കും അവരുടെ പേര് വിവരങ്ങൾ തിരിച്ചറിയാൻ ആയില്ല. അങ്ങനെയിരിക്കെയാണ് നാട്ടുകാരനായ നാദിർഷ ഷിനുമോളെ അന്വേഷിച്ചു സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തുന്നത്. ആശപത്രി രേഖകളിലെ അൺ നോൺ എന്ന പേരിൽ നിന്നും ഷിനുമോൾ എന്ന മേൽവിലാസത്തിലേക്ക് അവരെ മാറ്റുന്നത് നാദിർഷ യാണ്.
നാദിർഷായുടെ സുഹൃത് റാഷിദ് അരീക്കോട് വഴിയാണ് സംഭവം മബേല കെഎംസിസി യുടെ ശ്രദ്ധയിൽ എത്തുന്നത്. മബേല കെഎംസിസി നേതാക്കളായ സലിം അന്നാരയും യാക്കൂബ് തിരൂരും ആണ് ഈ കേസിന്റെ ഉത്തരവാദിത്വം മബേല കെഎംസിസി വൈസ് പ്രസിഡന്റ് അസ്‌ലം ചീക്കോന്ന് ന്റെ കൈകളിൽ ഏൽപ്പിക്കുന്നത്.
വക്കാലത്തു ഏല്പിച്ച ശേഷം വിദഗ്ധ ചികിത്സക്ക് ഷിനുമോളെ നാട്ടിലേക്ക് അയച്ചു. അസ്‌ലം ആണ് തുടർന്നുള്ള കേസുകൾ ഭംഗിയായി കൈകാര്യം ചെയ്തത്. പ്രഗത്ഭ സ്വദേശി അഭിഭാഷകനായ അബ്ദുല്ല അൽ ഖാസ്മിയെ തന്നെ കേസ് ഏൽപ്പിച്ചു. വക്കീലിന്റെ മികവും കെഎംസിസി പ്രവർത്തകരുടെ നിശ്ചയ ധാർട്യവും ഷിനുമോളുടെ പ്രാർത്ഥനയും ഒത്തുചേർന്നപ്പോൾ വിധി അനുകൂലമായി. മൂന്നു തവണ അപ്പീൽ പോയതിനു ശേഷമാണ് അന്തിമ വിധി വന്നത്. അരക്കോടി ഇന്ത്യൻ രൂപയാണ് ഷിനുമോൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതി ഉത്തരവ് നൽകിയത്. ഇൻഷുറൻസ് തുക കൈപ്പറ്റാൻ ഒമാനിലെത്തിയ ഷിനുമോൾ നേരിലറിയാത്ത സഹോദരങ്ങളുടെ സ്നേഹവായ്പ്പിനു മുമ്പിൽ വികാരാധീനയായി. കാരുണ്യ കരങ്ങൾ നീട്ടിയവർക്ക് നന്ദി പറഞ്ഞു ഷിനുമോൾ നാട്ടിലേക്ക് മടങ്ങി

Leave a Reply

Your email address will not be published. Required fields are marked *