മസ്കറ്റ് ||
തൊഴിൽ തട്ടിപ്പിനിരയായി ഒമാനിൽ എത്തിയ തമിഴ്നാട് സ്വദേശിനിക്ക് തുണയായി റൂവി കെഎംസിസി. 10 ദിവസവത്തോളം അലഞ്ഞു തിരിഞ്ഞു നടന്ന തമിഴ് നാട് സ്വദേശിനി പളനിയമ്മയെ റൂവി കെ എം സി സി യുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെയും റോയൽ ഒമാൻ പോലീസിന്റെയും സഹായത്തോടെ നാട്ടിലേക്ക് കയറ്റി അയച്ചു.വീട്ടുജോലിക്കെന്ന് പറഞ്ഞാണ് തമിഴ് നാട് സ്വദേശിനിയായ നാല്പത്തിയാറു വയസ്സ് കാരി പളനിയമ്മയെ വിസാ ഏജന്റ് സന്ദർശക വിസയിൽ ഒമാനിലെത്തിക്കുന്നത്. വിസാ കാലാവധി കഴിഞ് എങ്ങനെ നാട്ടിൽ പോകണമെന്ന് അറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോഴാണ് പളനിയമ്മ റൂവി കെഎംസിസി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുന്നത്. മാനസികമായി ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു പളനിയമ്മ. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ നിവർത്തി ഇല്ലാതെ തളർന്ന നിലയിൽ റൂവി സുൽത്താൻ ഖാബൂസ് മസ്ജിദിനു സമീപം കണ്ടെത്തിയ പളനിയമ്മയെ റൂവി കെഎംസിസി പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ഗ്ലൂക്കോസും ചികിത്സയും ഭക്ഷണവും നൽകി. തുടർന്ന് നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. കയറ്റിവിടാൻ സഹായിക്കണം എന്ന ബന്ധുക്കളുടെ അഭ്യര്‍ഥനയിൽ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ട റൂവി കെഎംസിസി പ്രവർത്തകർ എംബസ്സിയുടെയും റോയൽ ഒമാൻ പോലീസിന്റെയും സഹായത്തോടെ വ്യാഴാഴ്ച രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പളനിയമ്മയെ നാട്ടിലെത്തിച്ചു.